കൊച്ചി:പെറ്റമ്മയെയും പോറ്റമ്മയെയും തള്ളി പറയുന്ന എപി അബ്ദുള്ളകുട്ടി പറയുന്നത് കേട്ട് ലക്ഷദ്വീപിന്റെ പ്രശ്‌നങ്ങള്‍ ആരും അളക്കരുതെന്ന് എഎം ആരിഫ് എംപി. ദ്വീപിന് ചേരുന്ന വികസനമാണ് അവിടെ വേണ്ടത്. അവര്‍ക്ക് താങ്ങാന്‍ സാധിക്കാത്ത വികസനം അവിടെ കെട്ടി ഏല്‍പ്പിക്കരുത്. പ്രകൃതിക്ക് അനുകൂലമായ വികസനം മാത്രമാണ് ദ്വീപില്‍ ആവശ്യമുള്ളതെന്നും ആരിഫ് ഒരു ചാനൽ ചർച്ചയിൽ പറഞ്ഞു.
ആരിഫ് എംപി പറഞ്ഞത്:
”അബ്ദുള്ളക്കുട്ടി പറയുന്നത് കേരളത്തില്‍ മാത്രമാണ് പ്രതിഷേധമെന്നാണ്. എന്നാല്‍ ദ്വീപിലുള്ള എല്ലാ പാര്‍ട്ടിക്കാരും ചേര്‍ന്നാണ് സേവ് ലക്ഷദ്വീപ് ഫോറം തുടങ്ങിയത്. അതില്‍ ബിജെപിക്കാരും മറ്റെല്ലാ പാര്‍ട്ടിക്കാരും അംഗങ്ങളാണ്. അവരെല്ലാം ഒരുപോലെ ആവശ്യപ്പെടുന്നത് പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണമെന്നാണ്. പെറ്റമ്മയെയും പോറ്റമ്മയെയും തള്ളി പറയുന്ന അബ്ദുള്ളക്കുട്ടി പറയുന്നത് കേട്ട് ദ്വീപിന്റെ പ്രശ്‌നങ്ങളെ അളക്കരുത്. ദ്വീപിന് ചേരുന്ന വികസനമാണ് അവിടെ വേണ്ടത്. താങ്ങാന്‍ സാധിക്കാത്ത വികസനം അവരില്‍ കെട്ടി ഏല്‍പ്പിക്കരുത്. അതൊരു ദ്വീപാണ്. പ്രകൃതിക്ക് അനുകൂലമായ വികസനം മാത്രമാണ് അവിടെ ആവശ്യമുള്ളത്.”
കേരളവും ലക്ഷദ്വീപും തമ്മിലുള്ളത് ഹൃദയബന്ധമാണെന്നും ആരിഫ് പറഞ്ഞു. ”ലക്ഷദ്വീപിന് വേണ്ടി നടക്കുന്നത് പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കമല്ല. ഒരു ജനതയ്ക്ക് വേണ്ടിയുള്ളതാണ്. അവര്‍ക്കൊപ്പമാണ് കേരളത്തിലെ പൊതുസമൂഹം നില്‍ക്കുന്നത്.”
മുഹമ്മദ് ഫൈസല്‍ എംപി ബിജെപിയിലേക്ക് പോകാന്‍ ശ്രമിച്ചെന്ന അബ്ദുള്ളക്കുട്ടിയുടെ ആരോപണത്തിനും എഎം ആരിഫ് മറുപടി നല്‍കി. ”പാര്‍ട്ടികളില്‍ നിന്ന് പാര്‍ട്ടികളിലേക്കുള്ള അബ്ദുള്ളക്കുട്ടിയുടെ ആ യാത്ര തുടരുകയാണ്. ആദ്യം ഇടതിനൊപ്പം പിന്നെ കോണ്‍ഗ്രസ്, ഒടുവില്‍ ബിജെപി. ഇനിയും ചേക്കേറാന്‍ വല്ല പാര്‍ട്ടിയുമുണ്ടെങ്കില്‍, എന്തെങ്കിലും നക്കാപ്പിച്ച കിട്ടുന്ന സ്ഥാനങ്ങള്‍ കിട്ടുമെങ്കില്‍ പോകുന്ന അബ്ദുള്ളക്കുട്ടിക്ക് ഫൈസലിനെ കുറ്റം പറയാന്‍ സാധിക്കും.”
ലക്ഷദ്വീപിലേക്കുള്ള എംപിമാരുടെ യാത്രവിലക്കിനെ നിയമപരമായി നേരിടുമെന്നും ആരിഫ് എംപി പറഞ്ഞു. ”ദ്വീപിലേക്ക് പോകും മുന്‍പ് എംപിമാര്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ കത്ത് നല്‍കിയിരുന്നു. 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ട്. മാത്രമല്ല, ദ്വീപിലെത്തി ക്വാറന്റൈനില്‍ ഇരിക്കാന്‍ തയ്യാറാണെന്നും അഡ്മിനിസ്‌ട്രേറ്ററെ കത്തിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.”