KeralaNews

‘ഭൂമിയുടെ വലുപ്പം കൂടുന്നില്ല’; ഏത് ഖുറാനാണ് ജനസംഖ്യാനിയന്ത്രണം തെറ്റാണെന്ന് പറഞ്ഞതെന്ന് അബ്ദുള്ളക്കുട്ടി

കൊച്ചി:ലക്ഷദ്വീപില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാവില്ലെന്ന ചട്ടത്തില്‍ ന്യായീകരണവുമായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. നാടിന്റെ വികസനമാണ് ലക്ഷ്യമെങ്കില്‍ ലക്ഷദ്വീപില്‍ ജനസംഖ്യനിയന്ത്രണം വേണമെന്നാണ് അബ്ദുള്ളക്കുട്ടി ഒരു ചാനൽ ചർച്ചയിൽ അഭിപ്രായപ്പെട്ടത്. ജനസംഖ്യനിയന്ത്രണം പാടില്ലെന്ന് ഖുറാനില്‍ പറഞ്ഞിട്ടില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

അബ്ദുള്ളക്കുട്ടിയുടെ വാക്കുകള്‍:

”വിമര്‍ശനം ഉന്നയിക്കുന്നവര്‍ ലക്ഷദ്വീപിനെക്കുറിച്ച് പഠിക്കണം. ഇവിടെ ഭൂമിയുടെ വലുപ്പം കൂടുന്നില്ല. കടലാക്രമണം വര്‍ധിക്കുകയാണ്. അപ്പോള്‍ മനുഷ്യരുടെ നിയന്ത്രണം വേണം. പണ്ട് ഇന്ദിരാഗാന്ധി നാം രണ്ട് നമുക്ക് രണ്ടെന്ന് ഡിസ്‌പെന്‍സറിക്ക് മുന്നില്‍ എഴുതി വച്ചിരുന്നു. എന്റെ ഉമ്മയ്ക്ക് അഞ്ചു മക്കളുണ്ടായിരുന്നു. എനിക്ക് രണ്ടാണ്. ഒരു നിയമത്തിന്റേയും പശ്ചാത്തലത്തില്‍ അല്ല. രാജ്യത്ത് വാക്‌സിന്‍ കൊടുക്കാന്‍ പറ്റുന്നില്ല എന്നല്ലേ വിമര്‍ശനം. ജനസംഖ്യ വര്‍ധനവിന്റെ പ്രശ്‌നം നമ്മള്‍ ഉള്ളു തുറന്ന് ചര്‍ച്ച ചെയ്യണം. ജനസംഖ്യനിയന്ത്രണം തെറ്റാണെന്ന് ഏത് ഖുറാനിലാണ് പറഞ്ഞിട്ടുള്ളത്. നാടിന്റെ വികസനമാണ് ലക്ഷ്യമെങ്കില്‍ പരിസ്ഥതി ആംഗിളില്‍ ഇത് കറക്ടാണ്. 73 വര്‍ഷങ്ങള്‍ക്ക് പിന്നിലാണ് ഇപ്പോഴും ലക്ഷദ്വീപ്.”

പ്രഫുല്‍ പട്ടേലിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത് കേരളത്തില്‍ നിന്നുള്ളവരാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ”പ്രഫുല്‍ പട്ടേലിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി കൊണ്ടുവന്നത് ദ്വീപിലെ ജനങ്ങള്‍ അല്ല. മറിച്ച് തൊട്ടടുത്ത് അതേ ഭാഷ സംസാരിക്കുന്ന കേരളത്തിലെ മലയാളികളാണ്. അവരാരാണ്. കമ്യൂണിസ്റ്റുകാരാണ്. മുസ്ലീംലീഗുകാരാണ്. എസ്ഡിപിഐ-ജമാഅത്തെ പോലുള്ള ഗ്രൂപ്പുകളാണ്. എന്താണ് അവരും ലക്ഷദ്വീപും തമ്മിലുള്ള ബന്ധം. അവര്‍ എത്രയോ പഠിച്ച പണി നോക്കിയിട്ടും ദ്വീപില്‍ കാലു കുത്താന്‍ അനുവാദിക്കാത്തവരാണ് ദ്വീപുകാര്‍. ദ്വീപുകാര്‍ക്ക് ഗുണ്ടാ ആക്ടിനെക്കുറിച്ച് പേടിയില്ല. കേരളത്തിലേത് വ്യാജ പ്രചരണങ്ങളാണ്.” മുഹമ്മദ് ഫൈസല്‍ എംപി ബിജെപിയിലേക്ക് ചേരാന്‍ തയ്യാറാണെന്നും ഞങ്ങള്‍ക്ക് വേണ്ടെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

അതേസമയം, ലക്ഷദ്വീപില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുകയും മത്സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ നന്നാക്കിയും കൊടുത്താന്‍ താന്‍ കരിയര്‍ അവസാനിപ്പിച്ച് ദ്വീപിലേക്ക് മടങ്ങുമെന്ന് സംവിധായിക ആയിഷ സുല്‍ത്താന പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടിട്ടാണ് ദ്വീപിലെ ജനങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുന്നതെങ്കില്‍ എല്ലാം അവസാനിപ്പിക്കുമെന്നാണ് ആയിഷ പറഞ്ഞു.

ആയിഷയുടെ വാക്കുകള്‍: ”ലക്ഷദ്വീപിന് വേണ്ടി കേരളത്തില്‍ പ്രതിഷേധം തുടങ്ങിയത് ഞാനിട്ട് ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ്. അത് എന്റെ പടത്തിന്റെ പ്രമോഷന് വേണ്ടിയാണെന്നും ഞാന്‍ നടീനടന്‍മാരെ വാടകയ്‌ക്കെടുത്തുയെന്നുമാണ് പ്രചരാണം. അവര്‍ക്ക് മുന്നില്‍ ഞാനൊരു ഓഫര്‍ വയ്ക്കാം. എന്റെ നേരാണ് എന്റെ തൊഴില്‍. ആ തൊഴില്‍ ഞാന്‍ മുന്നില്‍ വയ്ക്കാം. ലക്ഷദ്വീപില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട 3,000 പേര്‍ക്ക് ജോലി കൊടുക്കണം, നശിപ്പിച്ച മത്സ്യത്തൊഴിലാളികളുടെ ഷെഡ് ശരിയാക്കി കൊടുക്കണം. ഈ ഓഫര്‍ സ്വീകരിച്ചാല്‍ ഞാന്‍ ഇനി ഒരിക്കലും സിനിമ ചെയ്യില്ല. കേരളത്തില്‍ നില്‍ക്കില്ല. ദ്വീപിലേക്ക് തിരികെ പോകാം. ഞാനാണ് എല്ലാത്തിനും തുടക്കം കുറിച്ചതെങ്കില്‍ കരിയര്‍ ഇവിടെ കൊണ്ട് അവസാനിപ്പിക്കും. പക്ഷെ അവരത് തിരിച്ചു ചെയ്യണം. ആയിഷ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നുയെന്നാണ് അവര്‍ പറയുന്നത്. എന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടിട്ടാണ് ദ്വീപ് ജനതയെ തീവ്രവാദികളായി ചിത്രീകരിച്ചതെങ്കില്‍ എല്ലാ അവസാനിപ്പിക്കും.”

മുഹമ്മദ് ഫൈസല്‍ എംപി ബിജെപിയിലേക്ക് പോകാന്‍ ശ്രമിച്ചെന്ന അബ്ദുള്ളക്കുട്ടിയുടെ ആരോപണത്തിനും ആയിഷ മറുപടി നല്‍കി. ”കോണ്‍ഗ്രസിലായിരുന്നപ്പോഴാണ് അബ്ദുള്ളക്കുട്ടി ആദ്യമായി ദ്വീപ് കാണുന്നത്. ദ്വീപില്‍ വരും, കുറച്ചുദിവസം കറങ്ങിയിട്ട് തിരിച്ചു പോകും. ആ അബ്ദുള്ളക്കുട്ടിക്ക് ഞങ്ങളുടെ എംപിയെക്കുറിച്ച് പറയാന്‍ എന്ത് അവകാശമുണ്ട്. ജനങ്ങളാണ് തെരഞ്ഞെടുത്തതാണ് എംപിയെ. ദ്വീപില്‍ ആരും അബ്ദുള്ളക്കുട്ടിക്ക് ആരും വിലയും കൊടുക്കുന്നില്ല.”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker