തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് പട്ടികജാതി-പട്ടികവര്‍ഗ-പിന്നോക്ക വിഭാഗക്ഷേമം, നിയമം, സാംസ്‌കാരികം, പാര്‍ലമെന്ററികാര്യം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ തന്നെ നേരിട്ട് അറിയിക്കാന്‍ സംവിധാനവുമായി മന്ത്രി എ.കെ ബാലന്‍. പരാതികള്‍ അറിയിക്കാന്‍ 9020213000 എന്ന നമ്പരിലേക്ക് കേവലം ഒരു മിസ്ഡ് കോള്‍ ചെയ്താല്‍ മാത്രം മതി.
കോള്‍ ചെയ്താലുടന്‍ ഒരു ബെല്ലോടു കൂടി കോള്‍ കട്ടാവുകയും ആ മൊബൈല്‍ നമ്പരിലേക്ക് പരാതി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് എസ്എംഎസ് വഴി ലഭിക്കുന്നതുമാണ്. മാത്രമല്ല പരാതി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍, ബന്ധപ്പെട്ട ഓഫീസില്‍ നിന്നു പരാതിക്കാരനെ ഫോണില്‍ വിളിക്കും.
പരാതികള്‍ നല്‍കാന്‍ സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമുകളുടെ സൗകര്യം നേരത്തെതന്നെ മന്ത്രിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. പരാതികള്‍ ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഗൂഗിള്‍ ഫോം സൗകര്യം പ്രയോജനപ്പെടുത്തി ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈല്‍ ഫോണുകളില്‍ നിന്നു ഓണ്‍ലൈനായി അയക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. പരാതി ലഭിച്ചാല്‍ അത് പരിശോധിച്ച് മറുപടി ലഭ്യമാക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
പരാതി അയക്കുന്ന ആളുടെ പേര്, മേല്‍വിലാസം, പരാതിയുടെ വിഷയം, വിശദാംശങ്ങള്‍, അനുബന്ധ രേഖകള്‍, ഇമെയില്‍ ഐ ഡി, മൊബൈല്‍ നമ്പര്‍ എന്നീ വിവരങ്ങളും ഗൂഗിള്‍ ഫോമില്‍ ഓണ്‍ലൈനായി നല്‍കണം.