പാലക്കാട്: തനിക്കെതിരെ മണ്ഡലത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എ.കെ. ബാലന്‍. പോസ്റ്ററുകള്‍ക്ക് പിന്നില്‍ ഇരുട്ടിന്റെ സന്തതികളാണെന്ന് ബാലന്‍ വിമര്‍ശിച്ചു.
സേവ് സിപിഎം ഫോറം ഇന്നും ഇന്നലെയുമായി ഉണ്ടായതല്ല. കേരളത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതിന് വര്‍ഗശത്രുക്കളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അത്. തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ ഇതൊക്കെ രംഗത്തുവരുന്നതിന്റെ ഉദ്ദേശ്യം തങ്ങള്‍ക്കറിയാം. ഞങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണ്. എന്റെയും കുടുംബത്തിന്റെയും ചരിത്രം എല്ലാവര്‍ക്കും അറിയാം. മണ്ഡലത്തില്‍ ഓരോ തവണയും എന്റെ ഭൂരിപക്ഷം വര്‍ധിച്ചിട്ടുണ്ട്. ഇത് സിപിഎം വോട്ടുകള്‍ മാത്രമായിരുന്നില്ല.
വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥി ഒരു ചരിത്ര വിജയം നേടുമെന്ന് മാത്രമല്ല എനിക്ക് ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷവും കിട്ടം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജനാധിപത്യ പ്രക്രിയയാണ് നടക്കുന്നത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. പത്താംതിയതി പിബിയുടെ അംഗീകാരത്തോട് കൂടിയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയത്തില്‍ കുടുംബാധിപത്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപം, പ്രസ് ക്ലബ് എന്നിവിടങ്ങളിലുള്ള പോസ്റ്ററുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. എകെ ബാലന്റെ വീടിന് സമീപവും പോസ്റ്റര്‍ പതിച്ചിരുന്നു.
പാര്‍ട്ടി അധികാരം വെച്ച് മണ്ഡലത്തെ കുടുംബ സ്വത്ത് ആക്കിയാല്‍ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാര്‍ എതിര്‍ക്കുമെന്നാണ് പോസ്റ്ററില്‍ പറയുന്നത്. എകെ ബാലന്റെ പേരെടുത്ത് പരാമര്‍ശിക്കാതെയാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. സേവ് കമ്മ്യൂണിസം എന്ന പേരിലാണ് പോസ്റ്റര്‍. തരൂരില്‍ ഡോക്ടര്‍ ജമീല സ്ഥാനാര്‍ത്ഥിയാവുന്നതിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം ഉണ്ടായിരുന്നു. ഇന്നുച്ചയ്ക്ക് ജില്ലാ സെക്രട്ടറിയേറ്റ് ചേരാനിരിക്കെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെടുന്നത്.
പട്ടികജാതി ക്ഷേമസമിതി നേതാക്കളെ അവഗണിച്ച് തരൂരില്‍ മന്ത്രി എ.കെ ബാലന്റെ ഭാര്യയെ കെട്ടിയിറക്കുന്നതില്‍ സി.പി.എമ്മില്‍ കടുത്ത അതൃപ്തിയുണ്ട്. പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്നാണ് സംസ്ഥാന സെക്രട്ടറിയെറ്റ് ഈ നീക്കം നടത്തുന്നത്. പട്ടികജാതി ക്ഷേമസമിതി നേതാക്കളായ പൊന്നുക്കുട്ടന്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുകൂടിയായ അഡ്വ.ശാന്തകുമാരി എന്നിവരുടെ പേരുകളാണ് ജില്ലാ കമ്മിറ്റി പരിഗണിച്ചിരുന്നത്.
ഇവരെ ഒഴിവാക്കിയാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം വന്നത്. ഇതോടെ ജില്ലയിലെ പല നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കടുത്ത അതൃപ്തിയായി. ആരോഗ്യവകുപ്പില്‍ നിന്ന് വിരമിച്ച ജമീല സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ല. പിന്നെ എന്തിനാണ് പാര്‍ട്ടി കോട്ടയില്‍ കെട്ടിയിറക്കുന്നത് എന്ന് സാധാരണ പ്രവര്‍ത്തകരടക്കം ചോദിക്കുന്നു. ഇക്കാര്യം മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തു. ഇതോടെ തനിക്കെതിരെ ഗൂഢാലോചനയാണെന്ന് പറഞ്ഞ് മന്ത്രി ബാലന്‍ രംഗത്തെത്തി.
കുഴല്‍മന്ദം, തരൂര്‍ മണ്ഡലങ്ങളില്‍ നിന്ന് നാല് തവണ എ.കെ ബാലന്‍ മത്സരിച്ച് വിജയിച്ചിരുന്നു. ഇത്തവണ പാര്‍ട്ടി തരൂരില്‍ പരാജയപ്പെടുകയാണെങ്കില്‍ പൂര്‍ണ ഉത്തരവാദിത്തം എ.കെ ബാലനായിരിക്കും എന്ന രീതിയിലുള്ള സംസാരവും പാലക്കാട്ടെ നേതാക്കളുടെ ഇടയില്‍ ഉണ്ടായി.