തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ (LDF)ദുർഭരണത്തിന് തൃക്കാക്കര (Thrikkakara) ഷോക്ക് ട്രീറ്റ്മെന്റ് നൽകണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്‍റണി. വിലക്കയറ്റം രൂക്ഷമായിരിക്കെ ഉത്തരവാദിത്തം വലിച്ചെറിഞ്ഞ് മന്ത്രിപ്പടയും മുഖ്യമന്ത്രിയും തൃക്കാക്കരയിൽ തമ്പടിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും ആന്റണി വിമർശിച്ചു.
ജനങ്ങളാകെ ദുരിതത്തിലാണ്. വിലക്കയറ്റത്തിൽ ജനം വലയുകയാണ്. മന്ത്രിസഭക്ക് ഭീഷണിയില്ലാത്ത സ്ഥിതിയിൽ 99 സീറ്റുകളുള്ള എൽഡിഎഫ് മുന്നണി തൃക്കാക്കരയിൽ തമ്പടിക്കരുതായിരുന്നു. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന് ഷോക്ക് ട്രീറ്റ്മെന്‍റ് നൽകണമെന്നും ആന്റണി കൊച്ചിയിൽ പറഞ്ഞു. വികസനത്തിന്റെ ആള്‍ക്കാരെന്ന് സിപിഎം പറഞ്ഞാല്‍ തൃക്കാക്കരയില്‍ ഓടില്ല. സിപിഎം വികസന വിരോധികളാണ്. സിപിഎം ഇല്ലായിരുന്നുവെങ്കിൽ കേരളം ഇതിലും വികസിച്ചേനെയെന്നും കോൺഗ്രസ് ഭരണകാലത്തെ പദ്ധതികളെ ചൂണ്ടിക്കാട്ടി മുൻ മുഖ്യമന്ത്രികൂടിയായ എകെ ആന്റണി തുറന്നടിച്ചു.
വിലക്കയറ്റത്തിന്റെ പേരിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച എ കെ ആന്റണി മറുപടിയുമായി ധനമന്ത്രി കെ.എൻ ബാഗോപാലും രംഗത്തെത്തി. വിലക്കയറ്റം ഏറ്റവും ശക്തമായി പിടിച്ചു നിർത്തുന്നത് കേരളമാണെന്ന് ധനമന്ത്രി അവകാശപ്പെട്ടു. മലയാളി എന്ന നിലയിൽ ആന്റണി അഭിമാനിക്കണമെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.