കോട്ടയം: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് എകെ ആന്റണി. പുതുപ്പള്ളിയിൽ യുഡിഎഫിന്റെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിയെ കുറിച്ച് വൈകാരികമായി സംസാരിച്ച അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെയും രണ്ടാം പിണറായി സർക്കാരിനെയും നിശിതമായി വിമർശിച്ചു.
ഉമ്മൻചാണ്ടിയെ പോലൊരു ആത്മസുഹൃത്ത് തനിക്ക് വേറെയില്ലെന്നും ഇനി ഉണ്ടാവാനും പോകുന്നില്ലെന്നും എകെ ആന്റണി പറഞ്ഞു. റബറിന്റെ സംഭരണ വില 250 ആകുമെന്ന് പറഞ്ഞ പിണറായി ഇപ്പോൾ മിണ്ടുന്നില്ലെന്നും 20 ലക്ഷം പേർക്ക് തൊഴിൽ നൽകിയെങ്കിൽ എന്തിനാണ് ചെറുപ്പക്കാർ വിദേശത്തേക്ക് പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.
നെൽകർഷകർ പണം കിട്ടാൻ പട്ടിണി സമരം നടത്തേണ്ടി വരുന്ന സാഹചര്യമാണ്. കർഷകന്റെ വരുമാനം 50% വർധിക്കുമെന്ന് പറഞ്ഞിട്ട് എന്തായി? രണ്ടാം പിണറായി സർക്കാർ എന്താണ് നടപ്പാക്കിയത്? പുതുപ്പള്ളിയിൽ ഇതൊന്നും പറയാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു.
രണ്ടാം പിണറായി സർക്കാരിന്റെ വാഗ്ദാനങ്ങൾ ഒന്നും നടപ്പാക്കിയില്ലെന്ന് അദ്ദേഹം വിമർശിച്ചു. കേരളത്തിലെ കരുത്തനായ നേതാവ് പുതുപ്പള്ളിയിൽ വന്ന് വീരസ്യം പറഞ്ഞ് പരിഹാസ്യനാകരുത്. ഉമ്മൻ ചാണ്ടിയെ പോലെ മനുഷ്യരെ സഹായിച്ച മറ്റൊരാളുമില്ല.
ഉമ്മൻ ചാണ്ടിക്കെതിരെ കെട്ടുകഥ ഉണ്ടാക്കി വേദനിപ്പിച്ചത് ഇടതുപക്ഷവും സിപിഎമ്മുമാണ്. അദ്ദേഹത്തിന്റെ കുടുംബത്തെ വരെ അപമാനിച്ചു. പുതുപ്പള്ളിയുടെ പുരോഗതിക്ക് കാരണം ഉമ്മൻചാണ്ടി മാത്രമാണ്. മരിച്ചിട്ടും ഉമ്മൻചാണ്ടിയെ ആക്ഷേപിക്കുന്ന സ്ഥിതിയാണ്.
ജനം സിപിഎമ്മിന് മാപ്പുകൊടുക്കില്ല. പുതുപ്പള്ളി ജനകീയ കോടതി സിപിഎമ്മിനെ ശിക്ഷിക്കണമെന്നും ഇടത് സ്ഥാനാർത്ഥിയെ തോൽപ്പിക്കണമെന്നും പറഞ്ഞ അദ്ദേഹം ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കേട്ട് ഉമ്മൻചാണ്ടിയെ വേട്ടയാടിയവർ ഞെട്ടി വിറയ്ക്കണമെന്നും ബോധം കെട്ട് വീഴണമെന്നും പറഞ്ഞു.