‘നിങ്ങളിൽ പാവം ചെയ്യാത്തവർ കല്ലെറിയട്ടെ’പ്രതികരണവുമായി നവ്യാ നായർ
കൊച്ചി:നടി നവ്യ നായരുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചയാവുന്നു. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ഹാഷ് ടാഗോടെ പേര്‍ഷ്യന്‍ കവി ജലാലുദ്ദീന്‍ റൂമിയുടെ വരികളാണ് നവ്യ കുറിച്ചത്. നിങ്ങള്‍ തകര്‍ന്നിരിക്കുമ്പോള്‍ നൃത്തം ചെയ്യുക. മുറിവിലെ കെട്ട് അഴിഞ്ഞുപോകുമ്പോള്‍ നൃത്തം ചെയ്യുക. പോരാട്ടങ്ങളുടെ മധ്യേ നൃത്തം ചെയ്യുക. നിങ്ങളുടെ ചോരയില്‍ ചവിട്ടി നൃത്തം ചെയ്യുക, എന്നാണ് വരികള്‍. ഒപ്പം താന്‍ നൃത്തം ചെയ്യുന്ന ഒരു വീഡിയോയും നവ്യ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്ദ് നവ്യ നായര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. കൊച്ചിയിലെത്തി നവ്യയെ പലതവണ കണ്ടിട്ടുണ്ടെന്നും സച്ചിന്‍ സാവന്ദ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മൊഴി നല്‍കിയിരുന്നു.
മുംബൈയിൽ തന്‍റെ റെഡിഡൻഷ്യൽ സൊസൈറ്റിയിലെ താമസക്കാരൻ എന്നത് മാത്രമാണ് സച്ചിന്‍ സാവന്ദുമായി തനിക്കുള്ള പരിചയമെന്നും അതിനപ്പുറം അടുപ്പമില്ലെന്നുമാണ് നവ്യ നായര്‍ ഇ ഡിക്ക് മൊഴി നല്‍കിയത്.
മുംബൈയിലെ പരിചയക്കാരൻ എന്ന നിലയ്ക്ക് ഗുരുവായൂരിൽ പോവാൻ നവ്യ പലവട്ടം സൗകര്യം ചെയ്ത് കൊടുത്തിട്ടുണ്ടെന്ന് നവ്യ നായരുടെ കുടുംബം പറഞ്ഞിരുന്നു. നവ്യയുടെ മകന്‍റെ പിറന്നാൾ ദിനത്തിൽ നൽകിയ സമ്മാനമല്ലാതെ മറ്റൊന്നും നൽകിയിട്ടില്ലെന്നും കുടുംബം വിശദീകരിച്ചു.
മുംബൈയിൽ ഇഡി ഡെപ്യൂട്ടി ഡയറക്ടറായിരുന്നു സച്ചിൻ സാവന്ദ്. ഇക്കഴിഞ്ഞ ജൂണിലാണ് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അറസ്റ്റിലായത്. ഇത് സംബന്ധിച്ച വാര്‍ത്തകളെ തുടര്‍ന്നുള്ള പോസ്റ്റ് എന്ന നിലയ്ക്കാണ് നവ്യ നായരുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധ നേടുന്നത്.