പാലക്കാട്: അഗളിയിൽ എക്സൈസിന്‍റെ വൻ കഞ്ചാവ് ചെടി വേട്ട. മുരുഗള ഊരിന് സമീപത്തെ മലയിടുക്കിൽ നിന്നാന്നാണ് 604 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.. ചെടി നട്ടതാരാണെന്ന് കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍. രഹസ്യ വിവരത്തെ തുടര്‍ന്നാണ് അഗളി എക്സൈസ് ഇൻസ്പെക്ട൪ അശ്വിൻകുമാറിന്‍റെ നേതൃത്വത്തിലുള്ള 15 അംഗ സംഘം പുലര്‍ച്ചെ വനം വകുപ്പിന്‍റെ സഹായത്തോടെ കാടു കയറിയത്.
പാടവയൽ മുരുഗുള ഊരും കടന്ന് സത്യക്കൽ പാറയ്ക്കരികിലെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. മലയിടുക്കുകൾക്കിടയിലായി നട്ടിരിക്കുന്നത് മൂന്ന് മാസം പ്രായമുള്ള 604 കഞ്ചാവ് ചെടികൾ. വിപണിയിൽ ഏകദേശം പത്ത് ലക്ഷത്തോളം മൂല്യമുള്ള ചെടികൾ ഉദ്യോഗസ്ഥര്‍ ഓരോന്നായി പിഴുതെടുത്ത് നശിപ്പിച്ചു.
നേരത്തെ അഗളിയിൽ നിന്ന് 436 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചിരുന്നു. ചെടികൾ ആരു നട്ടെന്ന കാര്യം അന്വേഷിച്ച് കണ്ടെത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സമാന രീതിയിൽ കൂടുതൽ പ്രദേശങ്ങളിൽ പരിശോധന തുടരാനാണ് എക്സൈസിന്‍റെ തീരുമാനം.