ഇടുക്കി: കൈക്കൂലി വാങ്ങിയ കേസിൽ രണ്ട് സർക്കാർ ഉദ്യോഗസ്ഥർക്ക് അഞ്ചുവർഷം തടവും പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതി. ഇടുക്കി ചതുരംഗപ്പാറ വില്ലേജ് ഓഫീസർ ആയിരുന്ന പ്രഭാകരൻ നായർക്കും കോതമംഗലം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ആയിരുന്ന മുഹമ്മദ് അഷ്റഫിനുമാണ് ശിക്ഷ ലഭിച്ചത്.
ക്രിമിനൽ കേസിൽ പ്രതിയെ സഹായിക്കാൻ കൈക്കൂലി വാങ്ങിയ കുറ്റത്തിനാണ് എസ്ഐക്ക് അഞ്ചുവർഷം തടവും പിഴയും ശിക്ഷ വിധിച്ചിരിക്കുന്നത്. കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആയിരുന്ന മുഹമ്മദ് അഷ്റഫിനെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെതായിരുന്നു ശിക്ഷാ വിധി. 2016 ലാണ് കൈക്കൂലി വാങ്ങുന്നതിനിടെ മുഹമ്മദ് അഷ്റഫിനെ പിടികൂടിയത്. രണ്ട് വകുപ്പുകളിലായി ആണ് അഞ്ചുവർഷം തടവ് വിധിച്ചിരിക്കുന്നത്.
അതേസമയം, കൈക്കൂലി വാങ്ങിയതിന്റെ പേരിൽ ഒരു വില്ലേജ് ഓഫീസറെയും കോടതി ശിക്ഷിച്ചിട്ടുണ്ട്. ഇടുക്കി ചതുരംഗപ്പാറ വില്ലേജ് ഓഫീസർ ആയിരുന്ന പ്രഭാകരൻ നായരെയാണ് അഞ്ച് വർഷം തടവിനും പിഴയ്ക്കും ശിക്ഷിച്ചത്. ഭൂമിക്ക് പോക്കുവരവ് ചെയ്യാൻ കൈക്കൂലി വാങ്ങുന്നതിനിടെ 2009 സെപ്റ്റംബറിൽ ആണ് പ്രഭാകരൻ നായരെ അറസ്റ്റ് ചെയ്യുന്നത്. ആദ്യം കൈക്കൂലി നൽകിയിട്ടും നടപടി സ്വീകരിക്കാതെ വീണ്ടും പണം ചോദിച്ചപ്പോഴായിരുന്നു പ്രഭാകരൻ നായർ അറസ്റ്റിലായത്.
രണ്ടു വകുപ്പുകളിലായി തടവിനു പുറമേ അറുപത്തയ്യായിരം രൂപയും പ്രതികൾ പിഴയായി അടക്കണം. അപ്പീൽ നൽകാൻ അവസരം നൽകുന്നതിന് ഭാഗമായി ഇരുവരെയും ജാമ്യത്തിൽ വിട്ടു. ഇടുക്കിയിലെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി-മാരായ കെവി ജോസഫ്, പിടി കൃഷ്ണൻ കുട്ടി എന്നിവരായിരുന്നു കേസന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഉഷാ കുമാരി, സരിത വിഎ എന്നിവർ ഹാജരായി.