സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ കവർന്നു; അർജുൻ ആയങ്കി പൊലീസ് കസ്റ്റഡിയിൽ

മുംബൈ: പാലക്കാട് മീനാക്ഷിപുരത്ത് സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ സ്വർണവും പണവും ഫോണും കവർന്ന കേസിൽ അർജുൻ ആയങ്കി പിടിയിൽ. മഹാരാഷ്ട്രയിൽനിന്നാണ് അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

നാലു മാസം മുൻപു നടന്ന സംഭവത്തിൽ 11 സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തർ പിടിയിലായിരുന്നു. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ അർജുൻ ആയങ്കിയാണെന്നു പൊലീസ് പറഞ്ഞു.

മാർച്ച് 26നു പുലർച്ചെ അഞ്ചരയോടെ പാലക്കാട് മീനാക്ഷിപുരം സൂര്യപാറയിലാണു കേസിനാസ്പദമായ സംഭവം. തൃശൂർ പുതുക്കാട് സ്വദേശി റാഫേലിന്റെ (57) പരാതിയിലാണു പൊലീസ് നടപടി.

തമിഴ്നാട് മധുക്കരയിലെ ജ്വല്ലറിയിൽ പ്രദർശിപ്പിക്കാനായി സ്വർണം കൊണ്ടുപോയി തിരികെ സ്വകാര്യ ബസിൽ മടങ്ങുകയായിരുന്നു റാഫേൽ. കാറിലെത്തിയ സംഘം ബസിനു കുറുകെ വാഹനം നിർത്തി, റാഫേലിനെ പിടിച്ചിറക്കി കാറിൽ കയറ്റി തമിഴ്നാട് ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയി മർദിക്കുകയും 600 ഗ്രാം സ്വർണവും പണവും മൊബൈൽ ഫോണും കവരുകയും ചെയ്തെന്നാണു പരാതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News