കോഴിക്കോട്: ഹോട്ടലില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടയില്‍ എണ്ണയിലേക്ക് തീപടർന്ന് പിടിച്ചു. കൊയിലാണ്ടി അരങ്ങാടത്ത് പ്രവര്‍ത്തിക്കുന്ന സെവന്‍സ് ടീ സ്റ്റാളിലാണ് ഇന്ന് രാവിലെ 10.20 ഓടെ അപകടമുണ്ടായത്. ജീവനക്കാരന്‍ പപ്പടം കാച്ചുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. ഇതിന് സമീപത്തായി എണ്ണയുടെ അംശമുള്ളതിനാല്‍ തീ മറ്റ് സ്ഥലത്തേയ്ക്കും അതിവേഗം പടര്‍ന്നു.
എന്നാല്‍ ഉടന്‍ തന്നെ ഹോട്ടല്‍ ജീവനക്കാര്‍ സമയോചിതമായി ഇടപെടുകയും എല്ലാവരും ചേര്‍ന്ന് തീ അണയ്ക്കുകയുമായിരുന്നു. എല്ലാവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചെറിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ഹോട്ടല്‍ ഉടമ പറഞ്ഞു. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തില്‍ നിന്ന് രണ്ട് യൂണിറ്റ് സ്ഥലത്തെത്തിയിരുന്നു.
തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും സ്ഥലം പരിശോധിക്കുകയും ചെയ്തു. സ്റ്റേഷന്‍ ഓഫീസര്‍ പികെ മുരളീധരന്റെ നേത്യത്വത്തില്‍ സീനിയര്‍ ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ അനൂപ് വികെ, സുലേഷ്, ഷിജിത്ത്, അനൂപ് എന്‍ടി, സുജിത്ത്, ഇന്ദ്രജിത്ത് ഹോംഗാര്‍ഡ് വിടി രാജീവ് എന്നിവരുള്‍പ്പെട്ട സംഘമാണ് അപകടസ്ഥലത്തെത്തിയത്. അപകടമില്ലെന്ന് ഉറപ്പാക്കിയാണ് ഫയർഫോഴ്സ് സംഘം മടങ്ങിയത്.