KeralaNews

നിഖിൽതോമസിന്റെ വീട്ടിൽനിന്ന് വ്യാജസർട്ടിഫിക്കറ്റ് കണ്ടെടുത്തു; ഫോൺ തോട്ടിൽ കളഞ്ഞെന്ന മൊഴി കള്ളമെന്ന് പോലീസ്‌

കായംകുളം: വ്യാജബിരുദ സർട്ടിഫിക്കറ്റ് നൽകി എം.കോം. പ്രവേശനം നേടിയ കേസിലെ പ്രതിയായ മുൻ എസ്.എഫ്.ഐ. നേതാവ് നിഖിൽ തോമസിന്റെ വീട്ടിൽനിന്ന് കേസുമായി ബന്ധപ്പെട്ട നിർണായക രേഖകൾ പോലീസ് കണ്ടെത്തി. ഞായറാഴ്ച തെളിവെടുപ്പിനായി നിഖിലിനെ വീട്ടിൽകൊണ്ടുവന്നപ്പോഴാണ് രേഖകൾ കണ്ടെടുത്തത്.

പ്രവേശനം നേടുന്നതിന് നിഖിൽ കോളേജിൽ നൽകിയ കലിംഗ സർവകലാശാലയുടെ വ്യാജബിരുദ സർട്ടിഫിക്കറ്റ്, പ്രവേശനം സംബന്ധിച്ച മറ്റുരേഖകൾ, കോളേജ് ഐ.ഡി. കാർഡ്, ബാങ്ക് പാസ്ബുക്ക് ഉൾപ്പെടെയുള്ളവയാണു കണ്ടെടുത്തത്. രാവിലെ 11.30-നു തുടങ്ങിയ തെളിവെടുപ്പ് ഉച്ചയ്ക്കു 2.30-ഓടെയാണു സമാപിച്ചത്.

നിഖിൽതോമസിന്റെ മൊബൈൽഫോൺ വീട്ടിൽനിന്നു കണ്ടെത്താനായില്ല. കേസുമായി ബന്ധപ്പെട്ട പലതെളിവുകളും അതിലുണ്ടെന്നാണു പോലീസ് കരുതുന്നത്. വീടിനു സമീപത്തെ കരിപ്പുഴത്തോട്ടിൽ ഫോൺ ഉപേക്ഷിച്ചുവെന്നാണു നിഖിൽ പോലീസിനോടു പറഞ്ഞിരുന്നത്. എന്നാൽ, ആ സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അത് കളവാണെന്നു മനസ്സിലായി.

വ്യാജബിരുദ സർട്ടിഫിക്കറ്റ് കണ്ടെടുത്ത സാഹചര്യത്തിൽ അതു നൽകിയ എറണാകുളം പാലാരിവട്ടത്തെ സ്വകാര്യഏജൻസിയിൽ പോലീസ് ഉടൻ പരിശോധന നടത്തും. തെളിവെടുപ്പിനായി നിഖിലിനെ അടുത്തദിവസംതന്നെ അവിടെ എത്തിക്കും. എം.എസ്.എം. കോളേജിലും കേരള സർവകലാശാലയിലും തെളിവെടുപ്പിനായി കൊണ്ടുപോകും. സർവകലാശാലയിൽനിന്ന് ഈക്വലൻസി സർട്ടിഫിക്കറ്റ് നേടാൻ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

കേസിലെ മറ്റൊരുപ്രതി അബിൻരാജിനെ മാലിദ്വീപിൽനിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം പോലീസ് തുടങ്ങി. ബന്ധുക്കളെ സമ്മർദത്തിലാക്കി അബിൻരാജിനെ നാട്ടിലെത്തിക്കാനാണു ശ്രമിക്കുന്നത്. അത് വിജയിച്ചില്ലെങ്കിൽ നയതന്ത്രമാർഗങ്ങളിലൂടെ നാട്ടിലെത്തിക്കും. അബിൻരാജിന്റെ അമ്മയും മാലിദ്വീപിലാണ്. നിഖിലിന് ഏജൻസിവഴി വ്യാജബിരുദ സർട്ടിഫിക്കറ്റ് തരപ്പെടുത്തിക്കൊടുത്തത് അബിൻരാജാണ്. അതിന് അബിൻരാജിന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് നിഖിൽ തോമസ് രണ്ടുലക്ഷംരൂപ അയച്ചുകൊടുത്തിരുന്നു.

കായംകുളം ഡിവൈ.എസ്.പി. ജി. അജയനാഥ്, ഇൻസ്‌പെക്ടർ മുഹമ്മദ് ഷാഫി, എസ്.ഐ. ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിലാണു കേസന്വേഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button