മുംബൈ: ഗുജറാത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്കുള്ള യാത്രക്കിടെ സ്‌പൈസ്‌ജെറ്റ് വിമാനം അടിയന്തരമായി മുംബൈയിലിറക്കി. പുറമെയുള്ള വിന്‍ഡ്ഷീല്‍ഡില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. ചൊവ്വാഴ്ച സ്‌പൈസ് ജെറ്റിന്റെ രണ്ടാമത്തെ വിമാനമാണ് സര്‍വീസിനിടെ അടിയന്തര ലാന്‍ഡിങ് നടത്തിയത്.
കണ്ട്‌ലയില്‍ നിന്ന് മുംബൈയിലേക്കുള്ള Q400 ഫ്‌ളൈറ്റ് SG3324 ആണ് നിലത്തിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചു. വിന്‍ഡ്ഷീല്‍ഡില്‍ വിള്ളല്‍ കണ്ടെത്തിയെങ്കിലും വിമാനത്തിനുള്ളില്‍ മര്‍ദവ്യതിയാനം ഉണ്ടായിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.
ചൊവ്വാഴ്ച ഉച്ചയോടെ ഡല്‍ഹി-ദുബായ് വിമാനം അടിയന്തരമായി കറാച്ചിയില്‍ ഇറക്കിയിരുന്നു. സാങ്കേതികത്തകരാറിനെ തുടര്‍ന്നാണ് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയത്. മുന്‍കരുതലെന്ന നിലയ്ക്കാണ് വിമാനം ഇറക്കിയതെന്ന് കമ്പനി വ്യക്തമാക്കി. യാത്രക്കാര്‍ക്കായി പകരം മറ്റൊരു വിമാനം കമ്പനി ഏര്‍പ്പാടാക്കുകയും ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച സ്പൈസ് ജെറ്റിന്റെ മറ്റൊരു വിമാനം ജബൽപൂരിൽ അടിയന്തിരമായി ഇറക്കിയിരുന്നു. ഡൽഹിയിൽ നിന്ന് പറന്ന വിമാനത്തിന്‍റെ കാബിനിൽ തീ കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തിരമായി ഇറക്കിയത്.