കൊച്ചി: ആലുവ പഴയ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ കാല്‍നട യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ചരക്ക് വാന്‍ മറിഞ്ഞു. പാലത്തിന്റെ അരികിലെ ഉയരമുള്ള ഭാഗത്ത് തട്ടിയാണ് വാഹനം മറിഞ്ഞത്. പ്രഭാതസവാരിക്കിറങ്ങിയ ആലുവ ഉളിയന്നൂര്‍ സ്വദേശി ഇന്ദീവരം വീട്ടില്‍ വിപിന് (46) അപകടത്തില്‍ പരിക്കേറ്റു. അതുവഴി പോവുകയായിരുന്ന എ.എ. റഹീം എം.പി. ഇടപെട്ട് പരിക്കേറ്റ വിപിനെ ആശുപത്രിയില്‍ എത്തിക്കാന്‍ സംവിധാനമൊരുക്കി.
തിങ്കളാഴ്ച പുലര്‍ച്ചെ 5.45-നാണ് സംഭവം. എറണാകുളത്തുനിന്ന് തൃശ്ശൂര്‍ക്ക് പച്ചക്കറി കയറ്റി പോയ വാനാണ് അപകടത്തില്‍ പെട്ടത്. നടപ്പാലത്തില്‍ പൈപ്പ് പൊട്ടി വെള്ളം കിടന്നതിനാല്‍ വിപിന്‍ റോഡരികിലേക്ക് ഇറങ്ങി നടക്കുകയായിരുന്നു. റോഡില്‍ വീണ വിപിന് സാരമായി പരിക്കേറ്റു. ആലുവ പാലസ് അതിഥിമന്ദിരത്തില്‍ നിന്ന് ഡല്‍ഹി യാത്രയ്ക്കായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു എം.പി.
ഗതാഗതക്കുരുക്കില്‍ പെട്ടതിനാല്‍ വാഹനത്തില്‍നിന്ന് ഇറങ്ങി സംഭവം അന്വേഷിച്ചപ്പോഴാണ് അപകട വിവരം അറിഞ്ഞത്. പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ആലുവയില്‍ ആംബുലന്‍സ് സര്‍വീസ് നടത്തുന്ന സുഹൃത്ത് മനോജ് ജോയിയെ വിളിച്ചു. അദ്ദേഹത്തിന്റെ ‘കെയര്‍’ ആംബുലന്‍സില്‍ പരിക്കേറ്റ വിപിനെ ആശുപത്രിയിലേക്ക് കയറ്റിവിട്ട ശേഷമാണ് എം.പി. വിമാനത്താളവത്തിലേക്ക് പോയത്.
കാലിന് സാരമായി പരിക്കേറ്റ വിപിന്‍ ആലുവ രാജഗിരി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഡി.വൈ.എഫ്.ഐ. ആലുവ ബ്ലോക്ക് സെക്രട്ടറി എം.എസ്. അജിത്, ചൂര്‍ണിക്കര മേഖലാ സെക്രട്ടറി സമീര്‍ പറക്കാട്ട് എന്നിവരും എം.പി.ക്കൊപ്പം ഉണ്ടായിരുന്നു. അപകടത്തില്‍ വാഹനത്തിന്റെ ചില്ല് തകര്‍ന്നെങ്കിലും ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ആലുവ മേല്‍പ്പാലവും സര്‍വീസ് റോഡും ഉള്‍പ്പെടെയുള്ള ഭാഗത്ത് ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പോലീസെത്തി ക്രെയിന്‍ ഉപയോഗിച്ച് വാഹനം മാറ്റി. ഏതാനും മാസം മുന്‍പ് ആലുവ കമ്പനിപ്പടിയിലെ ടയര്‍ ഷോറൂമില്‍ തീപ്പിടിത്തം ഉണ്ടായപ്പോഴും അതുവഴി പോയ എ.എ. റഹീം എംപി. സഹായത്തിനായി എത്തിയിരുന്നു.