കൊച്ചി: മട്ടാഞ്ചേരിയില്‍ ഇരുനില കെട്ടിടത്തിന്റെ മുകളിൽ നട്ടു വളര്‍ത്തിയ കഞ്ചാവ് ചെടി പിടികൂടി. പുതിയ റോഡ് ബാങ്ക് ജംഗ്ഷനില്‍ അടച്ചിട്ട കെട്ടിടത്തിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കെട്ടിടത്തിന്റെ ഒന്നാം നിലയിലുടെ പാരപ്പറ്റില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തായിരുന്നു ചെടികള്‍. കഞ്ചാവ് ചെടി വളര്‍ത്തിയ ആളെ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ലഹരി കടത്തുകാരെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി പൊലീസിന്റെ പരിശോധന. ഓപ്പറേഷന്‍ ഡി.ഹണ്ട് എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ 244 പേരെ അറസ്റ്റ് ചെയ്തു. ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പരിശോധന. ലഹരി കടത്തുകാരുടെ വീടുകള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ വീടുകളിലും സംഘങ്ങളുടെ താവളങ്ങളിലുമായിരുന്നു ഇന്നലെ രാവിലെ മുതല്‍ പരിശോധന നടന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാറിനായിരുന്നു ഏകോപനം.
1373 സ്ഥലങ്ങളില്‍ പരിശോധന നടത്തി. ചില സ്ഥലങ്ങളില്‍ നിന്ന് ലഹരി വസ്തുക്കളെ കൂടാതെ സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെത്തി. വാറണ്ടുണ്ടായിട്ടും മുങ്ങി നടന്നവരെയും പിടികൂടി. 246 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു. എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് ഓയില്‍, ബ്രൗണ്‍ ഷുഗര്‍ എന്നിവ കൂടാതെ മറ്റ് ലഹരി വസ്തുക്കളും പിടികൂടി.
കൊച്ചിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത്, 61 പേര്‍. ആലപ്പുഴയില്‍ 45ഉം, ഇടുക്കിയില്‍ 32 പേരെയും അറസ്റ്റ് ചെയ്തു. ഇന്റലിജന്‍സ് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇനിയും പരിശോധനകള്‍ തുടരുമെന്ന് ഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബ് അറിയിച്ചു.
ഇതിനായി റേഞ്ച് ഡിഐജിമാരുടെ നേതൃത്വത്തില്‍ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. ലഹരി സംഘങ്ങളെക്കുറിച്ചുള്ള പട്ടിക റേഞ്ച് ഡിഐജിമാര്‍ നേരത്തെ തയ്യാറാക്കിയിട്ടുണ്ട്. ഓരോ സ്റ്റേഷനിലും ഓപ്പറേഷന്‍ ഡി.ഹണ്ടിനായി പ്രത്യേക സ്‌ക്വാഡുകളും നിലവില്‍ വന്നിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.