ബെംഗളൂരു: ബെംഗളൂരുവിൽ ബസിനകത്ത് യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ കൈകാര്യം ചെയ്ത് ബസ് ഡ്രൈവർ. ബെംഗളൂരു ഹെബ്ബാളിന് സമീപമാണ് സംഭവം. യാത്രക്കാരൻ അടുത്തിരുന്ന യുവതിയോട് മോശമായി പെരുമാറി. യുവതി കരഞ്ഞതോടെ മറ്റ് യാത്രക്കാർ ഇടപെട്ടു. ഇതിന് പിന്നാലെ സഹയാത്രക്കാരും ബസ് ഡ്രൈവറും ഇയാളെ കൈകാര്യം ചെയ്യുകയായിരുന്നു. യുവതിയോട് ഇയാളെ തല്ലാനും യാത്രക്കാർ ആവശ്യപ്പെട്ടു. ഹെബ്ബാളിൽ നിന്ന് മാന്യത ടെക്ക് പാർക്ക് ഭാഗത്തേക്ക് പോകുകയായിരുന്നു ബസിലാണ് സംഭവം. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകിയില്ല.
ദൃശ്യങ്ങൾ പുറത്തു വന്നതോടെ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. യുവാവിന്റെ ഷർട്ട് ഊരി മാറ്റിയായിരുന്നു മർദ്ദനം. വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. യാത്രക്കാർ ബഹളം വച്ചതോടെ ബസ് റോഡ് സൈഡിൽ നിർത്തിയിട്ട ശേഷം ഡോറുകൾ അടച്ചിട്ട ശേഷമായിരുന്നു ഡ്രൈവർ യുവാവിനെ ആക്രമിച്ചത്. ബസ് നിർത്തിയതോടെ യുവാവ് ബസിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ചതോടെയാണ് ഡ്രൈവർ ഡോർ ലോക്ക് ചെയ്തത്.


