കൊച്ചി:യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധത്തിൽ തെറ്റുകൾ ഉണ്ടെന്ന ആരോപണം ഉയർന്നതിനു പിന്നാലെ ഹരിഹാസവുമായി നടൻ ഹരീഷ് പേരടി.
കുറിപ്പ് പൂർണ്ണ രൂപം
ഡോക്ടർ ഹരീഷ് പേരടി എന്ന തലക്കെട്ടോടുകൂടി സ്വന്തം പറമ്പിൽ നിന്ന് വെട്ടിയ വാഴക്കുലയോടൊപ്പമുള്ള ഫോട്ടോയാണ് നാലാം ക്ലാസ്സ് പാസ്സാവാത്ത താരം പങ്കു വെച്ചിരിക്കുന്നത്…അടുക്കളയിൽ നിന്നുള്ള ഫോട്ടോയായതുകൊണ്ട് ആരെയോ മനപ്പൂർവ്വം കരിവാരി തേക്കാൻ വേണ്ടിയാണ് എന്ന ചിന്തയും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്…😭😭😭
ശമ്പളക്കുടിശ്ശിക വിവാദം കെട്ടടങ്ങുന്നതിന് മുമ്പ് വീണ്ടും പുലിവാല്‍ പിടിച്ച് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം. ചിന്തക്ക് ഡോക്ടറേറ്റ് ലഭിച്ച ഗവേഷണ പ്രബന്ധത്തില്‍ ഗുരുതര പിഴവ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് യുവജന കമ്മീഷന്‍ അധ്യക്ഷ വീണ്ടും പ്രതിരോധത്തിലായത്. മലയാളത്തിലെ പ്രശസ്തമായ കവിതകളിലൊന്നായ ചങ്ങമ്പുഴയുടെ ‘വാഴക്കുല’ വൈലോപ്പിള്ളിയുടേതാണ് എന്നാണ് ചിന്താ ജെറോം സമര്‍പ്പിച്ച ഗവേഷണ പ്രബന്ധത്തിലുള്ളത്.
ഇതോടെയാണ് യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തിനെതിരെ പരാതി ഉയര്‍ന്നത്. പ്രബന്ധം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് കേരള സർവകലാശാല വി.സിക്ക് നിവേദനം നൽകിയത്. ചങ്ങമ്പുഴയുടെ പ്രസിദ്ധമായ ‘വാഴക്കുല’ എന്ന കവിതാ സമാഹാരം രചിച്ചത് കവി വൈലോപ്പിള്ളിയാണെന്നാണ് പ്രബന്ധത്തിലുള്ളത്.
മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതകളിൽ ഒന്നാണ് ചങ്ങമ്പുഴയുടെ വാഴക്കുല. എന്നാൽ ചിന്താ ജെറോമിന്റെ പ്രബന്ധത്തിൽ വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയെന്നാണ് ചേർത്തിട്ടുള്ളത്. ഈ പ്രബന്ധത്തിനാണ് യുവജനകമ്മീഷൻ അദ്ധ്യക്ഷക്ക് ഡോക്ടറേറ്റ് ലഭിച്ചതും. കേരള സര്‍വകലാശാല പ്രോവൈസ് ചാന്‍സലറായിരുന്ന അജയകുമാറിന്‍റെ മേല്‍നോട്ടത്തിൽ തയ്യാറാക്കിയ പ്രബന്ധം വിവിധ കമ്മിറ്റികള്‍ക്ക് മുന്നിലെത്തിയിട്ടും ആരും തെറ്റ് കണ്ടുപിടിച്ചില്ല. 2021 ൽ ചിന്തക്ക് കേരളസർവ്വകലാശാല പി.എച്ച്.ഡി ബിരുദവും നൽകി. ബിരുദത്തിന് തയ്യാറാക്കി സമർപ്പിച്ച പ്രബന്ധം പുനഃപരിശോധിക്കണമെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ ആവശ്യം.
ചങ്ങമ്പുഴക്ക് പകരമായി ചേർത്തിട്ടുള്ള വൈലോപ്പിള്ളിയുടെ പേരും അക്ഷരത്തെറ്റോടെയാണ് രേഖപ്പെടുത്തിയിട്ടുളളത്. പ്രബന്ധത്തിൽ സമാനമായ നിരവധി തെറ്റുകൾ ഉണ്ടെന്ന ആരോപണവും ശക്തമാണ്. ഗവേഷണത്തിന് മേൽനോട്ടം വഹിച്ച പ്രോ വി.സി പി. അജയകുമാറോ മൂല്യനിർണ്ണയം നടത്തിയവരോ പ്രബന്ധം പൂർണ്ണമായും പരിശോധിക്കാതെയാണ് ബിരുദത്തിന് ശിപാർശ ചെയ്തതെന്നും കേരള സർവകലാശാല വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മലിന് നൽകിയ പരാതിയിൽ പറയുന്നു.