തിരുവനന്തപുരം: എ.എ റഹീം സി.പി.എം രാജ്യസഭാ സ്ഥാനാര്‍ത്ഥിയാവും. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ അധ്യക്ഷനായ എ എ റഹീമിനെ രാജ്യസഭയിലേക്ക് അയക്കാനാണ് സിപിഎം തീരുമാനം. എസ്എഫ്‌ഐയിലൂടെ വളര്‍ന്ന റഹീം 2011ലെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ത്ഥിയായിരുന്നു.
എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്രക്കമ്മിറ്റിയംഗം, ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാപ്രസിഡന്റ്, കേരളാസര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം, സര്‍വ്വകലാശാലാ യൂണിയന്‍ ചെയര്‍മാന്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, നിലവില്‍ ഡിവൈഎഫ്‌ഐ കേരള സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ്. തിരുവനന്തപുരം തൈക്കാട് സ്വദേശിയാണ് റഹീം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി മുന്‍ അംഗവും അധ്യാപികയുമായ അമൃതയാണ് ഭാര്യ.
യുവ പ്രാതിനിധ്യം പരിഗണിച്ചാണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായ റഹീമിനെ സിപിഎം സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി പങ്കെടുത്ത സിപിഎം അവെയിലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാവ് എന്നതും റഹീമിന് തുണയായി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ എ റഹീമിനെ ഒരു സീറ്റിലേക്കും പരിഗണിച്ചിരുന്നില്ല. 2011ല്‍ വര്‍ക്കലയില്‍ നിന്ന് മത്സരിച്ചിരുന്നു. അന്ന് പതിനായിരത്തോളം വോട്ടുകള്‍ക്ക് യുഡിഎഫിലെ വര്‍ക്കല കഹാറിനോട് റഹീം പരാജയപ്പെട്ടത്. തുടര്‍ന്ന് സംഘടനാ രംഗത്താണ് റഹീം പ്രവര്‍ത്തിച്ചത്. മുഹമ്മദ് റിയാസ് മന്ത്രിസഭയിലെത്തിയതോടെയാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന റഹീമിനെ പകരം ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷനായി തെരഞ്ഞെടുത്തത്.
രാജ്യസഭാ സീറ്റിലേക്കുള്ള സിപിഐ സ്ഥാനാര്‍ഥിയായി സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാറിനെ തെരഞ്ഞെടുത്തിയരുന്നു. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. എഐവൈഎഫിന്റെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയാണ് സന്തോഷ് കുമാര്‍. ഒഴിവുവരുന്ന മൂന്നു സീറ്റുകളില്‍ എല്‍ഡിഎഫ് മത്സരിക്കുന്ന രണ്ട് സീറ്റുകള്‍ സിപിഎമ്മും സിപിഐയും വീതിച്ചെടുക്കാന്‍ ഇടതു മുന്നണി യോഗത്തില്‍ തീരുമാനമായിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.
എല്‍ജെഡിയും ജെഡിഎസും എന്‍സിപിയും സീറ്റിന് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഒരു സീറ്റ് സിപിഐയ്ക്ക് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെടുകയായിരുന്നു. മൂന്നു സീറ്റുകളാണ് ഒഴിവു വന്നിരിക്കുന്നത്. ഇതില്‍ രണ്ട് സീറ്റുകളിലാണ് എല്‍ഡിഎഫിന് വിജയിക്കാനുള്ള ഭൂരിപക്ഷമുള്ളത്. ദേശീയ സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ ഇടത് സ്വഭാവമുള്ള പാര്‍ട്ടികള്‍ പാര്‍ലമെന്റിലേക്ക് പോകട്ടേയെന്നാണ് പിണറായി നിലപാടെടുത്തത്.