ദിലീപിന്റെ ഫോണ്‍ രേഖകള്‍ നശിപ്പിച്ചത് അഭിഭാഷകന്റെ ഓഫീസില്‍; സ്വകാര്യ ഫോറന്‍സിക് വിദഗ്ധന്‍ പ്രതിയാകും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ നടന്‍ ദിലീപിന്റെ ഫോണിലെ രേഖകള്‍ നശിപ്പിച്ചത് അഭിഭാഷകന്റെ ഓഫീസില്‍വച്ചെന്ന് കണ്ടെത്തല്‍. തിരുവനന്തപുരത്ത് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. രാമന്‍പിള്ളയുടെ ഓഫീസില്‍വച്ച് ഫോണ്‍ രേഖകള്‍ മായിച്ചത് കണ്ടെത്തിയത്.

രാമന്‍പിള്ളയുടെ ഓഫീസില്‍വച്ചും കൊച്ചിയിലെ ഹോട്ടലില്‍വച്ചുമാണ് രേഖകള്‍ നശിപ്പിച്ചത്. ഇവിടങ്ങളിലെ വൈ ഫൈയാണ് ഇതിനായി ഉപയോഗിച്ചത്. സ്വകാര്യ ഫോറന്‍സിക് വിദഗ്ധനായ സായിശങ്കറെ വിളിച്ചുവരുത്തിയാണ് ഫോണ്‍ രേഖകള്‍ മായിച്ചത്. സായിശങ്കര്‍ പ്രതികളെ സഹായിച്ചതായി വെളിപ്പെട്ടതോടെ ഇയാളെ പ്രതിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ഇയാളെ അടുത്ത ദിവസം ചോദ്യം ചെയ്യും.

ഇതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. പ്രതികളുടെ ഫോണ്‍ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ വാദം നടക്കുമ്പോള്‍ രേഖകള്‍ മായിക്കുന്ന തിരക്കിലായിരുന്നു അഭിഭാഷക സംഘമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ദിലീപിന്റെ അഭിഭാഷകര്‍ പ്രതിയുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് അതിജീവിത ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കിയിരുന്നു.

അഭിഭാഷകന്‍ രാമന്‍പിള്ള കേസിലെ സാക്ഷികളെ നേരിട്ട് വിളിച്ചു. ഓഫീസില്‍വച്ച് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചു. 20 സാക്ഷികള്‍ കൂറുമാറിയതിനു പിന്നില്‍ അഭിഭാഷക സംഘമാണെന്നും അതിജീവിത ആരോപിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News