തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതി ഓഫീസിലെ ജീവനക്കാരന് കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ പോയ സെക്രട്ടറി എ.എ.റഹീം ഉള്‍പ്പെടെയുള്ളവരുടെ ഫലം നെഗറ്റീവ്. നിരീക്ഷണ കാലാവധി അവസാനിച്ച ഇന്നലെ നടത്തിയ പരിശോധനയാണ് നെഗറ്റീവായത്.
രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ പതിനാറിനാണ് യൂത്ത് സെന്റര്‍ ജീവനക്കാരനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് 19ന് സ്രവപരിശോധനാഫലം പോസിറ്റീവായി. ഇതോടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന എ.എ.റഹീം ഉള്‍പ്പെടെ ആറുപേര്‍ നിരീക്ഷണത്തില്‍ പോവുകയായിരുന്നു. കൂടാതെ 15ന് യൂത്ത് സെന്ററില്‍ പോയ മാധ്യമപ്രവര്‍ത്തകരും നിരീക്ഷണത്തിലായി.
മൂന്നുദിവസം മുന്‍പ് ജീവനക്കാരന്റെ പുതിയ പരിശോധനാഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. നിരീക്ഷണ കാലാവധി അവസാനിച്ച ഇന്നലെ നടത്തിയ പരിശോധനയില്‍ എ.എ.റഹീം ഉള്‍പ്പെടെയുള്ളവരുടേയും ഫലം നെഗറ്റീവാകുകയായിരുന്നു. നിരീക്ഷണ കാലാവധി അവസാനിക്കുകയും ഫലം നെഗറ്റീവാകുകയും ചെയ്തതോടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്ന് എ.എ.റഹീം പറഞ്ഞു.