മലപ്പുറം: പോലീസ് വാഹനത്തില്‍ ഇടിച്ചിട്ടും കേസ് എടുത്തില്ല, മണല്‍ മാഫിയയില്‍ കൈക്കൂലി വാങ്ങി കേസെടുക്കാതെ വിട്ടയച്ചു. മലപ്പുറം മമ്പാട് സംഭവം. മലപ്പുറം എസ്.പിയുടെ സ്‌ക്വാഡില്‍പ്പെട്ട പോലീസുകാരാണ് മണല്‍ കടത്ത് ലോറി ഉടമയില്‍ നിന്നും കൈക്കൂലി വാങ്ങിയത്. പോലീസുകാര്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ മണല്‍ കടത്തുലോറി ഇടിച്ചിട്ടും കൈക്കൂലി വാങ്ങി കേസ് ഒത്തുതീര്‍പ്പാക്കുകയായിരിന്നു.
അരലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് പോലീസുകാര്‍ കേസൊതുക്കിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യമാധ്യമങ്ങളിലടക്കം പുറത്തുവന്നതോടെയാണ് വാര്‍ത്ത പുറംലോകം അറിയുന്നത്. സംഭവം വിവാദമായതോടെ, സ്‌ക്വാഡിലെ രണ്ട് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. നിലമ്പൂര്‍ എ ആര്‍ ക്യാമ്പിലെ മനുപ്രസാദ്, ഹാരിസ് എന്നി പോലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്. മണല്‍ കടത്ത് അന്വേഷിക്കാന്‍ നിയോഗിച്ച സ്‌ക്വാഡിലെ അംഗങ്ങളായിരുന്നു ഇവര്‍.
പോലീസുകാര്‍ മണല്‍ മാഫിയയില്‍ നിന്നും പണം കൈപ്പറ്റിയ സംഭവം ഗൗരവകരമാണെന്ന് മലപ്പുറം എസ്പി പ്രതികരിച്ചു. മണല്‍ കടത്ത് സ്‌ക്വാഡിലെ അംഗങ്ങളെയെല്ലാം തിരിച്ചുവിളിച്ചതായും പുതിയ ടീമിനെ നിയോഗിച്ചതായും എസ്പി അറിയിച്ചു. സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് തൃശൂര്‍ റേഞ്ച് ഐജിയും വ്യക്തമാക്കി.