ബംഗളൂരു: കര്‍ണാടകയില്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) ആളില്ലാ വിമാനം പരീക്ഷണപ്പറക്കലിനിടെ തകര്‍ന്നു വീണു. ചൊവ്വാഴ്ച രാവിലെ ചിത്രദുര്‍ഗയിലാണ് സംഭവം. ജോഡിചിക്കനഹള്ളിക്ക് സമീപം കൃഷിയിടത്തിലാണ് ഡിആര്‍ഡിഒയുടെ തപസ്-04 നിരീക്ഷണ വിമാനം തകര്‍ന്നു വീണത്.
ഇന്നു രാവിലെ ആറുമണിയോടെയായിരുന്നു അപകടം. വലിയ ശബ്ദത്തോടെ വിമാനം തകര്‍ന്ന് താഴേക്ക് വീഴുകയായിരുന്നു. വിമാനം തകര്‍ന്നുവീഴുന്നത് ശ്രദ്ധയില്‍ പെട്ട പരിസരവാസികള്‍ രക്ഷാ പ്രവര്‍ത്തനത്തിനായി പ്രദേശത്തേക്ക് ഓടിയെത്തി. തുടര്‍ന്നാണ് ഇത് ആളില്ലാവിമാനമാണെന്ന് കണ്ടെത്തിയത്. ചിത്രദുര്‍ഗയിലെ പരീക്ഷണ കേന്ദ്രത്തില്‍ നിന്ന് പറന്നുയര്‍ന്ന് 17 കിലോമീറ്റര്‍ സഞ്ചരിച്ചതിന് ശേഷമാണ് വിമാനം തകര്‍ന്നുവീണത്.