ന്യൂഡല്‍ഹി: ഭിന്നശേഷിക്കാരിയായ യുവതിയെ ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് സിഐഎസ്എഫ് വനിതാ കോണ്‍സ്റ്റബിള്‍ അധിക്ഷേപിച്ചതായി ആരോപണം. കഴിഞ്ഞ 13 വര്‍ഷമായി വീല്‍ ചെയറില്‍ സഞ്ചരിക്കുന്ന ഭിന്നശേഷി അവകാശ പ്രവര്‍ത്തക കൂടിയായ വിരാലി മോദിക്കെതിരെയാണ് അധിക്ഷേപമുണ്ടായത്. തിങ്കളാഴ്ച വൈകിട്ടു ഡല്‍ഹിയില്‍നിന്നു മുംബൈയിലേക്കുള്ള പോകുന്നതിന് വേണ്ടി എത്തിയ വിരാലിയെ സീറ്റില്‍ ഇരുത്തുന്നതിനു വേണ്ടി ഒരു സഹായിയും ഒപ്പമുണ്ടായിരുന്നു. വീല്‍ചെയര്‍ കാര്‍ഗോയില്‍ ഏല്‍പ്പിച്ച ശേഷമായിരുന്നു ഇത്.
പരിശോധനാ കൗണ്ടറില്‍ എത്തിയപ്പോള്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥ വിരാലിയോടു വീല്‍ചെയറില്‍നിന്ന് എഴുന്നേല്ക്കാന് ആവശ്യപ്പെട്ടു. എഴുന്നേറ്റ് നില്ക്കാന് കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ വിരാലി അഭിനയിക്കുകയാണെന്നും നാടകം കളിക്കുകയുമാണെന്നുമാണു കോണ്‍സ്റ്റബിള്‍ പറഞ്ഞത്. നിരന്തരം വിദേശയാത്രകള്‍ ചെയ്യുന്ന ആളാണെന്നു തെളിയിക്കുന്നതിനായി പാസ്പോര്‍ട്ട് ഉദ്യോഗസ്ഥയെ കാണിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് എത്തി പരിശോധിച്ചശേഷം വിരാലിയെ പോകാന്‍ അനുവദിക്കുകയായിരുന്നു.