കോട്ടയം: ക്രൈസ്തവ സന്യാസി സമൂഹം അനുഭവിക്കുന്ന സ്വാന്ത്ര്യക്കുറവിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ വൈറലായി രണ്ട് കന്യാസ്ത്രീകള്‍. കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു സ്‌കൂളില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ സഹപ്രവര്‍ത്തകരായ അധ്യാപകര്‍ക്കൊപ്പം തിരുവാതിര കളിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. സഭാ വസ്ത്രത്തിനു മുകളില്‍ കസവ് മുണ്ട് സാരിപോലെ ചുറ്റിയാണ് അവരും തിരുവാതിരയ്ക്ക് ഒരുങ്ങിയത്. കൈതപ്പൂ മണമെന്റെ ചഞ്ചലാക്ഷി… ഇന്നു നിന്‍ മാരന്‍ വന്നു മധുരം തന്നു…’ എന്ന പ്രശസ്തമായ ഗാനത്തോടെയാണ് അവരുടെ ചുവടുവയ്പ്പ്.
നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ മുന്നിലാണ് തിരുവാതിര അരങ്ങേറിയത്. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകര്‍ നല്‍കിയ പുതിയ അനുഭവത്തിന് വിദ്യാര്‍ത്ഥികള്‍ നല്‍കിയത് അകമഴിഞ്ഞ കൈയ്യടിയായിരിന്നു. വാട്‌സ്ആപ്പിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. സിറോ മലബാര്‍ കാത്തലിക്സ് ഫോര്‍ യൂണിറ്റി എന്ന ചര്‍ച്ചാഗ്രൂപ്പിലും സജീവമാണ്. കന്യാസ്ത്രീകള്‍ മഠത്തില്‍ നടത്തുന്ന പഴയ ഓണപ്പാട്ടും ഈ ഗ്രൂപ്പില്‍ വന്നിട്ടുണ്ട്.