പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ നിറസാന്നിധ്യമായ താരമാണ് ടപ്രേംകുമാര്. പ്രശസ്ത സംവിധായകന് പി എ ബക്കറിന്റെ പി കൃഷ്ണപ്പിള്ളയെക്കുറിച്ചുള്ള ‘സഖാവ്’ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. എന്നാല്‍ അത് പ്രദര്‍ശനത്തിനു എത്തിയില്ല. തുടര്‍ന്ന് തൊണ്ണൂറുകളില്‍ ദൂരദര്ശന് മലയാളം ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘ലംബോ’ എന്ന ടെലിഫിലം ആണ് പ്രേംകുമാറിനെ അഭിനയ രംഗത്തേക്ക് വീണ്ടും കൊണ്ട് വരുന്നത്. വളരെ അധികം പ്രേക്ഷക ശ്രദ്ധ നേടിയ ഇതിലെ അഭിനയത്തിന് 1990ലെ മികച്ച നടനുള്ള കേരള സംസ്ഥാന ടിവി അവാര്‍ഡ് ഇദ്ദേഹത്തിനായിരുന്നു. അരങ്ങ് എന്ന ചിത്രം ആണ് ആദ്യം റിലീസ് ആയത്.
പിന്നീട് ഹാസ്യനടന്റെ രൂപത്തില്‍ ഇദ്ദേഹം ജനപ്രിയനായിത്തീര്‍ന്നു. ജയറാമിനൊപ്പം ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ പ്രേംകുമാര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. സിനിമയില്‍ നിന്നും മാറി നില്‍ക്കാനുള്ള കാരണം തുറന്നു പറയുകയാണ് താരം. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പ്രേംകുമാര്‍ പറഞ്ഞതിങ്ങനെ.. ‘തൊണ്ണൂറുകളില്‍ ഓടിനടന്ന് അഭിനയിച്ച ഒരു കാലമുണ്ടായിരുന്നു. പിന്നീട് ഒരേപോലെയുള്ള വേഷങ്ങള്‍ തുടരെ വന്നപ്പോള്‍ ചില സിനിമകള്‍ വേണ്ടെന്നുവച്ചു. 2001 ലായിരുന്നു എന്റെ വിവാഹം. ഭാര്യ ജിഷ.
വിവാഹശേഷം എട്ടുവര്‍ഷത്തോളം ഞങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലായിരുന്നു. അതും മറ്റു വ്യക്തിപരമായ അസൗകര്യങ്ങളുമാണ് സിനിമയില്‍ നിന്നൊരു ബ്രേക്ക് എടുക്കാന്‍ കാരണമായത്. അല്ലാതെ മനഃപൂര്‍വം സിനിമയില്‍ നിന്നും മാറിനിന്നതല്ല. ആറ്റുനോറ്റിരുന്നു മകള്‍ ജനിച്ച ശേഷമാണ് വീണ്ടും സിനിമകള്‍ നോക്കിത്തുടങ്ങിയത്. അപ്പോഴേക്കും സംവിധായകരും നടന്മാരും സിനിമ മൊത്തത്തിലും മാറിയിരുന്നു. പരിചയമുള്ള സംവിധായകര്‍ സിനിമ ചെയ്യാതെയായി. അങ്ങനെ റീഎന്‍ട്രി പിന്നെയും വൈകി. ‘അരവിന്ദന്റെ അതിഥികള്‍, പഞ്ചവര്‍ണത്ത, പട്ടാഭിരാമന് തുടങ്ങിയ ചിത്രങ്ങളിലൂടെ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് പ്രേംകുമാര്‍. അടി കപ്യാരെ കൂട്ടമണി ടീമിന്റെ പുതിയ ചിത്രം ഉറിയടി, വാര്‍ത്തകള്‍ ഇതുവരെ, ജാലിയന്‍ വാലാബാഗ് എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമകള്‍.