കോട്ടയം: കെവിന്‍ വധക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി കേസില്‍ ഗുരുത കൃത്യവിലോപം കാട്ടിയെന്ന് ആരോപിച്ച് പിരിച്ചുവിട്ട ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എ എസ് ഐ ടി എം ബിജു. കെവിന്റെ ബന്ധു അനീഷിനെയും കൊലപ്പെടുത്താന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായാണ് ബിജുവിന്റെ വെളിപ്പെടുത്തല്‍. പോലീസ് യഥാസമയം ഇടപെട്ടതിനാലാണ് അനീഷിനെ വിട്ടയച്ചതെന്നും ബിജു പറഞ്ഞു. വിചാരണയില്‍ പ്രോസിക്യൂഷന്‍ വാദങ്ങളെ സാധൂകരിക്കുന്ന വിവരങ്ങളാണ് ബിജു കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയത്.
കോട്ടയം നട്ടാശേരി സ്വദേശി കെവിന്‍ പി ജോസഫിനെ മുഖ്യപ്രതി ഷാനു ചാക്കോയും സംഘവും തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞ് പുലര്‍ച്ചെ മൂന്നുതവണ പ്രതികളുടെ മൊബൈലിക്ക് വിളിച്ചു. 2018 മേയ് 26ന് മാന്നാനത്ത് വീടാക്രമിച്ചശേഷം കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി ബന്ധുക്കള്‍ എത്തിയപ്പോഴാണ് തലേദിവസം രാത്രി വാഹന പരിശോധനയില്‍ കണ്ടവരുമായി ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞത്. മാന്നാനത്തെ പരിശോധനക്കിടെയാണ് ഒന്നാം പ്രതി ഷാനു ചാക്കോയും ഇഷാനും സഞ്ചരിച്ച വാഹനം കണ്ടത്.
ചോദിച്ചപ്പോള്‍ അമലഗിരിയില്‍ കല്യാണത്തിന് പോവുകയാണെന്ന മറുപടിയാണ് ലഭിച്ചത്. മറ്റു സംശയം തോന്നാതിരുന്നതിനാല്‍ വിലാസവും ഫോണ്‍ നമ്പറും വാങ്ങി വിട്ടയച്ചു. പിന്നീടാണ് മാന്നാനത്ത് വീട് ആക്രമിച്ച് കെവിനെയും അനീഷിനെയും വാഹനത്തിലെത്തിയ പ്രതികള്‍ തട്ടിക്കൊണ്ടുപോയ വിവരം ബന്ധുക്കള്‍ മുഖേന അറിഞ്ഞതെന്നും ബിജു മൊഴി നല്‍കി.