തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിയില്‍ നിന്ന് മുങ്ങുന്നവര്‍ക്ക് എട്ടിന്റെ പണിയുമായി പഞ്ചിംഗ് കര്‍ശനമാക്കുന്നു. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെയാണ് പഞ്ചിംഗ് കര്‍ശനമാക്കുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ബയോമെട്രിക് ഫിംഗര്‍പ്രിന്റ് അറ്റന്‍ഡന്‍സ് മാനേജ്മെന്റ് സിസ്റ്റം എന്നാണ് ഇതറിയപ്പെടുന്നത്. ഇത് നടപ്പിലാക്കാന്‍ അംഗീകാരമുള്ള മെഷീനുകള്‍ വാങ്ങാനുള്ള ചുമലത കെല്‍ട്രോണിനെ ഏല്‍പ്പിച്ചതായി ഉത്തരവില്‍ പറയുന്നു. മെഷീന്‍ നിര്‍മാതാക്കളില്‍ നിന്നും കെല്‍ട്രോണ്‍ ടെന്‍ഡര്‍ വിളിക്കും. ടെന്‍ഡറുകള്‍ പൊതു ഭരണവകുപ്പിന്റെ സാങ്കേതിക കമ്മിറ്റി പരിശോധിച്ച ശേഷം പൊതുഭരണ വകുപ്പ് അന്തിമ തീരുമാനമെടുക്കും. ടെന്‍ഡര്‍ അനുവദിച്ച് വിവിധ വകുപ്പുകള്‍ക്ക് മെഷീനുകള്‍ നല്‍കുന്നതിനുള്ള പണം കെല്‍ട്രോണിന് നല്‍കും. മെഷീന്‍ സ്ഥാപിക്കുന്നതിന്റേയും തുടര്‍ന്നുള്ള നടപടികളുടേയും ചുമതല കെല്‍ട്രോണിനായിരിക്കും.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പഞ്ചിംഗ് മെഷീനുകള്‍ സ്ഥാപിക്കാനുള്ള തീരുമാനം 2015 ല്‍ കൈക്കൊണ്ടിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കുന്നത് വൈകുകയായിരുന്നു.