തൊടുപുഴ: ചെയര്‍മാന്‍ പദവി ഉപയോഗിക്കരുതെന്ന കോടതി ഉത്തരവ് ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ച് ജോസ് കെ. മാണിക്കെതിരെ തൊടുപുഴ കോടതിയില്‍ പി.ജെ. ജോസഫ് ഹര്‍ജി നല്‍കി. ജോസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം വിളിച്ചതിനെതിരെയാണ് ജോസഫിന്റെ നീക്കം. കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ താന്‍ തന്നെയാണെന്നും, തെരഞ്ഞെടുപ്പു കമ്മീഷന്റെ വിധി വന്നതു രണ്ടില ചിഹ്നത്തില്‍ മാത്രമാണെന്നും ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചാണു തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിധി പ്രഖ്യാപിച്ചത്. കെ.എം. മാണിയുടെ അധ്യക്ഷതയില്‍ തെരഞ്ഞെടുത്ത വര്‍ക്കിംഗ് ചെയര്‍മാനായി ഇപ്പോഴും താന്‍ തന്നെ തുടരുകയാണെന്നും ജോസഫ് പറഞ്ഞിരുന്നു.പാര്‍ട്ടി യോഗം വിളിക്കുന്നതില്‍ നിന്ന് ജോസ് കെ. മാണിയെ ഇടുക്കി മജിസ്‌ട്രേറ്റ് കോടതിയും കട്ടപ്പന സബ് കോടതിയും വിലക്കിയിട്ടുള്ളതാണ്.
വേറെ വിധിവരാത്തതിനാല്‍ രണ്ടു കോടതികളുടെയും സ്റ്റേ നിലനില്‍ക്കും. ഈ സാഹചര്യത്തില്‍ ജോസ് വിപ്പ് നല്‍കുകയോ ആരെയെങ്കിലും അയോഗ്യരാക്കുകയോ ചെയ്താല്‍ കോടതിയലക്ഷ്യമാകും. ഈ വിഷയങ്ങളില്‍ തിങ്കളാഴ്ച ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും ജോസഫ് വ്യക്തമാക്കിയിരുന്നു.