ആലപ്പുഴ: 67-ാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരത്തോടനുബന്ധിച്ച് ആലപ്പുഴ നഗരസഭാ പരിധിയില്‍ നാളെ (31.08.2019) ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നഗരസഭയുടെ പരിധിയില്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.
കനത്ത മഴയെത്തുടര്‍ന്ന് മാറ്റി വച്ച നെഹ്‌റു ട്രോഫി ജലോത്സവം ശനിയാഴ്ചയാണ് നടക്കുക. 23 ചുണ്ടന്‍വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. നെഹ്‌റു ട്രോഫിയ്‌ക്കൊപ്പം പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗിന് കൂടി നാളെ തുടക്കമാകും. നേരത്തെ തീരുമാനിച്ചത് പോലെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെ ജലോത്സവത്തിന് മുഖ്യാതിഥിയായി എത്തും.
നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സ് നടക്കും. മികച്ച സമയത്തില്‍ ഫിനിഷ് ചെയ്യുന്ന നാല് വള്ളങ്ങളാണ് ഫൈനലില്‍ നെഹ്‌റു ട്രോഫിക്കായി തുഴയെറിയുക. ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങളുടെ ഫൈനലിനു ശേഷമാണ് നെഹ്റ്രു ട്രോഫി ഫൈനല്‍ മത്സരം നടക്കുക. ഒമ്പത് ക്ലബുകളാണ് സിബിഎല്ലില്‍ പങ്കെടുക്കുക. ദേശീയ, അന്തര്‍ദേശീയ ചാനലുകള്‍ക്കാണ് ഫൈനല്‍ മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം. 12 മത്സരങ്ങളാണ് സിബിഎല്ലില്‍ ഉള്ളത്. 25 ലക്ഷമാണ് സമ്മാനത്തുകയെന്നും ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള പറഞ്ഞു.