ന്യൂഡല്‍ഹി: സര്‍ക്കാര്‍ വാക്കുപാലിച്ചു, രാജ്യത്ത് ഒരു രൂപയ്ക്ക് സാനിറ്ററി പാഡുകള്‍ ലഭിച്ചു തുടങ്ങി. ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെയാണ് ഒരു രൂപയ്ക്ക് ‘സുവിധ’ സാനിറ്ററി പാഡുകള്‍ ലഭ്യമായി തുടങ്ങിയത്. രാജ്യമെങ്ങുമുള്ള 5500 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി ഇന്നലെ മുതല്‍ സുവിധ പാഡുകള്‍ ലഭിച്ചു തുടങ്ങി.
നാല് പാഡുകളടങ്ങിയ ഒരു പാക്കറ്റിന് 10 രൂപയാണ് നേരത്തെയുള്ള വില. ഇത് പാക്കറ്റ് ഒന്നിന് നാല് രൂപ നിരക്കില്‍ കുറച്ചതായി കേന്ദ്ര കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേര്‍സ് വിഭാഗം സഹമന്ത്രി മന്‍സുഖ് വ്യക്തമാക്കി. 60 ശതമാനം വിലക്കുറവിലാണ് സുവിധ ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ വില്‍ക്കുന്നത്. ഉത്പാദന ചെലവിനെ അടിസ്ഥാനപ്പെടുത്തിയാണ് നിശ്ചയിച്ചിരുന്ന വിലയില്‍ സബ്സിഡി നല്‍കിയതോടെയാണ് വീണ്ടും കുറവ് വന്നിരിക്കുന്നത്. ഇതോടെ സുവിധ പാഡുകളുടെ വില്‍പ്പന ഇരട്ടിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്‍സുഖ് വ്യക്തമാക്കി.
കുറഞ്ഞ വിലയില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് സാനിറ്ററി പാഡുകള്‍ ലഭ്യമാക്കുമെന്നത് കേന്ദ്രസര്‍ക്കാറിന്റെ 100ദിന പരിപാടികളിലൊന്നായിരുന്നു. 2018 മെയ് മുതല്‍ ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കിയിരുന്നു. 2.2 കോടി സാനിറ്ററി നാപ്കിനുകളാണ് ഒരു വര്‍ഷത്തില്‍ വിറ്റഴിച്ചത്. മറ്റ് കമ്പനികളുടെ സാനിറ്ററി നാപ്കിനുകള്‍ക്ക് വിപണിയില്‍ 6 രൂപ ശരാശരി വില ഉള്ളപ്പോഴാണ് ഒരു രൂപയ്ക്ക് സുവിധ പാഡുകള്‍ വിപണിയിലെത്തുന്നത്.