കാസര്‍ഗോഡ്: നീലേശ്വരത്ത് 16 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവിനും രണ്ട് ഡോക്ടര്‍മാര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. നിരന്തര പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ കുട്ടിയെ ഗര്‍ഭഛിദ്രം നടത്തിയ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപതിയിലെ ഗൈനക്കോളജിസ്റ്റ് ഡോ അംബുജാക്ഷിക്കും സ്‌കാനിംഗ് നടത്തിയ ഡോക്ടര്‍ക്കും എതിരെയാണ് കേസ്. രണ്ടു പേരും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയതായാണ് സൂചന.
ഗര്‍ഭം അലസിപ്പിക്കാന്‍ കൂട്ടുനിന്നതിനും പീഡന വിവരം മറച്ചുവച്ചതിനും തെളിവ് ലഭിച്ച സാഹചര്യത്തിലാണ് കുട്ടിയുടെ മാതാവിനെതിരെയും പോക്സോ കേസ് ചുമത്തിയത്. ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ കുട്ടിയുടെ പിതാവുള്‍പ്പെടെ ആറ് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരാള്‍ കൂടി കേസില്‍ ഇനി പിടിയിലാകാനുണ്ട്.
കേസില്‍ എട്ട് പ്രതികളാണുള്ളത്. ആറ് കേസുകളില്‍ നാല് കേസും നീലേശ്വരം ഇന്‍സ്‌പെക്ടര്‍ പി.ആര്‍. മനോജും ഒരു കേസ് എസ്.ഐ. കെ.പി. സതീഷും മറ്റൊരു കേസ് ചീമേനി പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്. അനില്‍ കുമാറുമാണ് അന്വേഷിക്കുന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കവെ ഡോക്ടറുടെ പേരില്‍ കേസെടുക്കാത്തതെന്തെന്ന് ആരാഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥന് ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റി ചെയര്‍മാന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.