റാഞ്ചി: പതിനൊന്നാം ക്ലാസില്‍ ചേരാനായി അപേക്ഷ നല്‍കി ഒരു സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രി!. ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രിയായ ജഗര്‍നാഥ് മഹ്തൊയാണ് പതിനൊന്നാം ക്ലാസില്‍ ചേര്‍ന്ന് പഠനം പുനരാരംഭിക്കാനായി അപേക്ഷ നല്‍കിയിരിക്കുന്നത്. നവാദിഹിലുള്ള ദേവി മഹ്തൊ ഇന്റര്‍ കോളജിലാണ് മന്ത്രി ആര്‍ട്ട്സ് വിഷയത്തില്‍ ചേരാനായി അപേക്ഷ നല്‍കിയിരിക്കുന്നത്.
വിമര്‍ശനങ്ങളും പരിഹാസങ്ങളും കടുത്തതിനെ തുടര്‍ന്നാണ് മന്ത്രി വീണ്ടും പഠിക്കാന്‍ തീരുമാനിച്ചത്. 53കാരനായ മഹ്തൊ 25 വര്‍ഷത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസം പുനരാരംഭിക്കാന്‍ പോകുന്നത്. 1995ലാണ് മന്ത്രി പത്താംക്ലാസ് പാസ്സായത്.
വിദ്യാഭ്യാസ മന്ത്രിയുടെ യോഗ്യതയെക്കുറിച്ച് ഭരണകക്ഷിക്കുള്ളില്‍ തന്നെ ചോദ്യങ്ങളും പരിഹാസങ്ങളും ഉയര്‍ന്നപ്പോഴാണ് പഠനം പുനരാരംഭിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. ‘ഞാന്‍ വിദ്യാഭ്യാസ മന്ത്രിയായപ്പോള്‍ മുതല്‍ ഒരുവിഭാഗം ജനങ്ങള്‍ എന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് നിരന്തരം വിമര്‍ശനം ഉന്നയിക്കുകയാണ്. അതിനാല്‍ ഞാനെന്റെ പഠനം വീണ്ടും തുടങ്ങാന്‍ തീരുമാനിച്ചു’-അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു കൊണ്ടുപോകുന്നതിന് ഒപ്പം പഠനനവും മുന്നോട്ടുകൊണ്ടുപോകുമെന്ന് ദുംരിയില്‍ നിന്നുള്ള എംഎല്‍എയായ ഇദ്ദേഹം പറയുന്നു. രാഷ്ട്രീയക്കാരനായതിനാല്‍ പൊളിറ്റിക്കല്‍ സയന്‍സ് പഠിക്കാന്‍ തനിക്ക് എളുപ്പമായിരിക്കും എന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. പന്ത്രണ്ടാംക്ലാസ് പാസ്സാവുക എന്നതാണ് തന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്നും അതിന് ശേഷം ബിരുദമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.