ജയ്പൂര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍ അയവ്. സച്ചിന്‍ പൈലറ്റും കൂട്ടരും കോണ്‍ഗ്രസില്‍ തിരിച്ചെത്തിയേക്കുമെന്നാണ് സൂചന. സച്ചിനും കൂട്ടരും രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വവുമായും കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ടുണ്ട്. സച്ചിന്‍ ഇന്ന് രാഹുലുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം.
കൂടിക്കാഴ്ചയോടെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധി ഇതുവരെ പരസ്യ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സച്ചിന്‍ പൈലറ്റ് നേരത്തെ പ്രിയങ്കഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. സച്ചിനും കൂട്ടരും കോണ്‍ഗ്രസിലേക്ക് മടങ്ങിവരണമെന്നും, പ്രശ്നങ്ങളെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്നും പ്രിയങ്ക സൂചിപ്പിച്ചിരുന്നു.
അതേസമയം സര്‍ക്കാരിലും കോണ്‍ഗ്രസിലും കലാപമുണ്ടാക്കിയ വിമതര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നാണ് മുഖ്യമന്ത്രി അശോക് ഗെഹലോട്ടിനെ അനുകൂലിക്കുന്ന വിഭാഗം എംഎല്‍എമാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് അശോക് ഗെഹലോട്ട് ആവശ്യപ്പെട്ടു.
എന്നാല്‍ പ്രശ്നം പരിഹരിക്കപ്പെട്ടു എന്ന തരത്തിലുള്ള വാര്‍ത്തകളെ വിമത പക്ഷം എംഎല്‍എമാര്‍ നിഷേധിച്ചിട്ടുണ്ട്. തങ്ങളുയര്‍ത്തിയ മുഖ്യപ്രശ്നമായ നേതൃമാറ്റത്തില്‍ ഇതുവരെ തീരുമാമെടുത്തിട്ടില്ല. മുഖ്യമന്ത്രി അശോക് ഗെഹലോട്ട് ഇപ്പോഴും നേതൃപദവിയില്‍ തുടരുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
ജൂലൈ ആദ്യവാരമാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി സച്ചിന്‍ പൈലറ്റും 19 എംഎല്‍എമാരും കലാപമുയര്‍ത്തി പുറത്തുവന്നത്. വിമതര്‍ ഹരിയാനയിലെ ഹോട്ടലില്‍ താമസമാക്കുകയും ചെയ്തു. ഇതോടെ സച്ചിന്‍ പൈലറ്റും സംഘവും ബിജെപിയുടെ പിടിയിലാണെന്ന് ഗഹലോട്ടും കോണ്‍ഗ്രസും ആരോപിച്ചിരുന്നു.