മൂന്നാര്‍: രാജമലയിലെ പെട്ടിമുടിയില്‍ തെരച്ചില്‍ പുരോഗമിക്കുന്നതിനിടെ കനത്ത മഴ തുടരുന്നു. അപകടമുണ്ടായ സ്ഥലത്ത് വീണ്ടും മണ്ണിടിയുന്നതായാണ് വിവരങ്ങള്‍. നിലവില്‍ പ്രദേശത്ത് കാലാവസ്ഥ പ്രവചിക്കാനാവാത്ത സ്ഥിതിയിലേക്ക് മാറിയിരിക്കുകയാണ്. മലമുകളില്‍ നിന്ന് വെള്ളവും മണ്ണും കല്ലുകളും ഒലിച്ചിറങ്ങുന്നുണ്ട്.
വനത്തില്‍ വലിയ രീതിയില്‍ മഴ കനക്കുകയാണ്. ഇവിടെനിന്നുള്ള വെള്ളവും മണ്ണും ലയങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്തേക്കാണ് എത്തുന്നത്. അതിനാല്‍ പ്രദേശത്ത് നിന്ന് ആളുകളോട് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ മാത്രമേ സ്ഥലത്ത് നില്‍ക്കാവൂ എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മൂന്നാറില്‍ പല സ്ഥലങ്ങളിലും മണ്ണിടിച്ചില്‍ രൂക്ഷമാവുകയാണ്. രാജമല മുതല്‍ പെട്ടിമുടിവരെയുള്ള ഭാഗങ്ങളില്‍ റോഡിന് ഇരുവശത്തും മണ്ണ് ഇടിഞ്ഞുവീഴുന്നുണ്ട്. ഇന്ന് ആറുമണിവരെ രക്ഷാപ്രവര്‍ത്തനം തുടരാനാണ് തീരുമാനം. ഇന്ന് ഉച്ചയ്ക്കുശേഷം വലിയ മഴയാണ് പ്രദേശത്ത് പെയ്യുന്നത്. അതിനാല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്.