ന്യൂഡല്‍ഹി: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് തലപൊക്കിയതിന് പിന്നാലെ കേന്ദ്രഫണ്ട് ലഭിച്ചിട്ടും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന വിമര്‍ശനമുന്നയിച്ച ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് മറുപടിയുമായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. കോഴിക്കോട് വൈറോളജി ലാബ് സ്ഥാപിക്കാന്‍ അനുമതി ലഭിച്ചത് ഇക്കഴിഞ്ഞ മെയ് 27നാണെന്നും മൂന്ന് കോടി രൂപമാത്രമാണ് അതിന് അനുവദിച്ചിട്ടുള്ളതെന്നുമാണ് ആരോഗ്യ മന്ത്രി അറിയിച്ചത്.
കെ. സുരേന്ദ്രന്റെ പേരു പരാമര്‍ശിക്കാതെയായിരിന്നു വിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്ന രീതിയില്‍ ആരോഗ്യ മന്ത്രിയുടെ വിശദീകരണം. ‘നമ്മുടെ അപേക്ഷ പരിഗണിച്ച് ഇക്കഴിഞ്ഞ മെയ് 27ാം തീയതി കോഴിക്കോട് വൈറോളജി ലാബിന് അനുമതി നല്‍കിയിട്ടുണ്ട്. കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ടെവിടെ? നിപ വന്നിട്ട് ഒരു കൊല്ലമായില്ലേയെന്നൊക്കെ ചിലര് ചോദിക്കുന്നുണ്ട്. ധാരണയില്ലാത്തതുകൊണ്ട് ചോദിക്കുന്നതാണ്. ഒരു മൂന്ന് കോടി രൂപയും അനുവദിച്ചുകിട്ടി. അതിന് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതിയും കൊടുത്തിട്ടുണ്ട്. മൂന്നുകോടി രൂപകൊണ്ടൊന്നും ആവില്ല. ഞങ്ങള്‍ വീണ്ടും കേന്ദ്രസര്‍ക്കാറിനെ സമീപിക്കുകയാണ്. ഒന്നോരണ്ടോ വര്‍ഷംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. സമയമെടുത്തിട്ട്, അല്ലാതെ നാളെത്തന്നെയല്ല, അത്തരത്തിലൊരു വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് റീജിയണലായിട്ടൊന്ന് സ്ഥാപിക്കണം. ‘ ശൈലജ പറഞ്ഞു.