CrimeKeralaNews

വൈക്കത്ത് കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം?

കോട്ടയം: വൈക്കം ചെമ്പില്‍ വേമ്പനാട്ടു കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. തിങ്കളാഴ്ച രാവിലെയാണ് ചെമ്പ് പഞ്ചായത്ത് 13-ാം വാര്‍ഡിലെ കാട്ടാമ്പള്ളി കായലോര ഭാഗത്ത് രണ്ടാഴ്ച പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കായലില്‍ മല്‍സ്യബന്ധനത്തിനു പോകാന്‍ വന്ന മല്‍സ്യതൊഴിലാളികള്‍ മൃതദേഹം കണ്ടതിനെ തുടര്‍ന്നു പോലീസില്‍ അറിയിക്കുകയായിരുന്നു.

മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുള്ളതിനാല്‍ ദൂരത്തുനിന്ന് ഒഴുകിയെത്തിയതാണെന്ന നിഗമനത്തിലാണ് പോലീസ്. മൃതദേഹത്തില്‍ മല്‍സ്യങ്ങള്‍ കൊത്തിയ നിലയില്‍ കണ്ടെത്തിയതും മൃതദേഹം ഒഴുകിയെത്തിയതിനാലാണെന്ന് പോലീസ് പറയുന്നു. കുഞ്ഞു ജനിച്ചതായി കണക്കാക്കിയുള്ള കാലയളവില്‍ വിവിധ ആശുപത്രികള്‍ കേന്ദ്രീകരിച്ചു നടന്ന പ്രസവങ്ങളെക്കുറിച്ചു പോലീസ് വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.

ആശുപത്രികളില്‍ നടന്ന പ്രസവങ്ങളില്‍ ജനിച്ച കുഞ്ഞുങ്ങള്‍ മാതാപിതാക്കള്‍ക്ക് ഒപ്പമുണ്ടോയെന്നും ആശുപത്രിയിലെത്താതെ സ്വാഭാവികമായി പ്രസവം നടന്ന ശേഷം കുഞ്ഞിനെ കൊലപ്പെടുത്തി ആരെങ്കിലും കായലില്‍ തള്ളിയതാണോയെന്നും അന്വേഷിക്കും. കുഞ്ഞിന്റെ പൊക്കിള്‍കൊടി വിട്ടു പോകാത്തതിനാല്‍ വീട്ടില്‍ തന്നെ പ്രസവം നടന്നതാണെന്ന സംശയവും പോലീസിനുണ്ട്.

കോട്ടയം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷമേ യഥാര്‍ഥ മരണകാരണം വ്യക്തമാക്കാന്‍ സാധിക്കൂ. നിലവില്‍ അസ്വാഭിക മരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വൈക്കം എസ്എച്ച്ഒ എസ്. പ്രദീപ്, എസ്‌ഐ ആര്‍. രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button