കോട്ടയം: അതിരമ്പുഴയില്‍ കൊവിഡ് സ്ഥിരീകരിച്ച ആളിന്റെ മാതാവ് മരിച്ചു. കാണക്കാരി സ്വദേശിയായ 94-കാരിയാണ് മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധന നടത്തും. ഇവരുടെ മകന് കഴിഞ്ഞ മാസം 29-ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സഹോദരിയെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമാനൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
അതിരമ്പുഴയില്‍ ശനിയാഴ്ച നടന്ന പരിശോധനയില്‍ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 87 പേരിലാണ് പരിശോധന നടത്തിയത്. അതിരമ്പുഴ പഞ്ചായത്തിലെ സി.ഡി.എസ്. ചെയര്‍പേഴ്‌സന് കൊവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 14 പേര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു.
വ്യാഴാഴ്ചയാണ് സി.ഡി.എസ്. ചെയര്‍പേഴ്‌സന് കോവിഡ് സ്ഥിരീകരിച്ചത്. ഇവരോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ്, സ്ഥിരംസമിതി അധ്യക്ഷ, അതിരമ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍, പഞ്ചായത്ത് അസി. സെക്രട്ടറി, സി ബ്ലോക്ക് പഞ്ചായത്ത് അംഗം തുടങ്ങിയവര്‍ 28-ന് പഞ്ചായത്തില്‍ നടന്ന കൊവിഡ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു.
17-ന് അതിരമ്പുഴ പഞ്ചായത്തില്‍നിന്ന് സ്ഥലംമാറിപ്പോയ ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി അടക്കം 21 പേര്‍ ക്വാറന്റൈനില്‍ ആയിരുന്നു.