ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ നയത്തില്‍ മാറ്റം വരുന്നു. ഹൈസ്കൂള്‍ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ രീതികള്‍ മാറ്റുന്ന കരട് നയത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി. നാല് ഘട്ടങ്ങളായി 12 ഗ്രേഡുകള്‍ പൂര്‍ത്തിയാക്കുന്ന 18 വര്‍ഷ വിദ്യാഭ്യാസ സമ്പ്രദായമാണ് പുതുതായി നിലവില്‍ വരിക.
മൂന്ന് വയസ്സുമുതല്‍ 18 വയസ്സ് വരെയുള്ളവര്‍ക്ക് വിദ്യാഭ്യാസം അവകാശമാകും. ഒപ്പം പാഠ്യ പദ്ധതിക്ക് പുറമെ കലാകായിക മേഖലകളിലടക്കം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി പ്രാമുഖ്യം നല്കുന്ന വിധമായിരിക്കും വിദ്യാഭ്യാസ രീതിയിലെ മാറ്റം. ഇഷ്ടമുള്ള വിഷയങ്ങള്‍ മാത്രം വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുത്ത് പഠിക്കാനുള്ള അവസരവും ഇതിനൊപ്പമുണ്ടാവുമെന്നാണ് നയത്തില്‍ പറയുന്നത്.
പുതിയ നയം ബുധനാഴ്ച നാലുമണിയോടെ കേന്ദ്ര മന്ത്രിസഭ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഐ.എസ.ആര്.ഒ മുന്‍ തലവന്‍ കെ കസ്തൂരിരംഗന്‍ നയിക്കുന്ന പാനലാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് രൂപം മാനവ വിഭവ ശേഷി മന്ത്രാലയത്തിന് സമര്‍പ്പിച്ചത്.
‘നയം അംഗീകരിച്ചു. നിലവിലെ മാനവ വിഭവശേഷി മന്ത്രാലയം ഇനിമുതല്‍ വിദ്യാഭ്യാസ മന്ത്രാലയം എന്ന് അറിയപ്പെടും,’ എച്ച്.ആര്.ഡി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.