പത്തനംതിട്ട: പത്തനംതിട്ട കുടപ്പനയില്‍ വനം വകുപ്പ് കസ്റ്റഡിയിലെടുത്ത യുവാവ് കിണറ്റില്‍ വീണ് മരിച്ച നിലയില്‍. ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ കസ്റ്റഡിയില്‍ എടുത്ത ടി.ടി മത്തായിയാണ് മരിച്ചത്.
ഇയാള്‍ വനപാലകരുടെ പിടിയില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കിണറ്റില്‍ വീഴുകയായിരുന്നുവെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. സ്റ്റേഷനില്‍ സ്ഥാപിച്ച ക്യാമറ നശിപ്പിച്ചതിനാണ് മത്തായിയെ കസ്റ്റഡിയില്‍ എടുത്തത്.
വനം വകുപ്പ് സ്ഥാപിച്ച ക്യാമറ നശിപ്പിച്ചു എന്നാരോപിച്ച് ഇന്നലെ വൈകിട്ടാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ മത്തായിയെ കസ്റ്റഡിയിലെടുക്കുന്നത്. പിന്നീട് മത്തായിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു.
മൃതദേഹം പുറത്തെടുക്കാന്‍ എത്തിയ വനപാലകരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് നേരിയ സംഘര്‍ഷാവസ്ഥയും ഉണ്ടായി. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതിനെ തുടര്‍ന്ന് പാതിരാത്രിയോടെയാണ് മൃതദേഹം കിണറ്റില്‍ നിന്നു പുറത്തെടുത്തത്.
എംഎല്‍എയും സ്ഥലത്തെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ കേസെടുക്കാമെന്ന് അറിയിച്ചതോടെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.