തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും നേതൃത്വം നല്‍കിയത് ഒരു പ്രമുഖ ഐ.പി.എസ് ഉദ്യോഗസ്ഥനെന്ന് സൂചന. മദ്യലഹരിയിലായിരുന്ന ശ്രീറാമിന്റെ രക്ത സാമ്പിളുകള്‍ ശേഖരിക്കാതെ ഡി.ജി.പിയെ തെറ്റിദ്ധരിപ്പിക്കുകയും കേസിന്റെ തുടക്കം മുതല്‍ ശ്രീറാമിനെ രക്ഷിക്കാനും ശ്രമിച്ച ഇദ്ദേഹമാണ്. ശ്രീറാമിന്റെ രക്തസാമ്പിള്‍ ശേഖരിച്ചതായും അന്വേഷണം ശരിയായ ദിശയിലാണെന്നും ഈ ഉദ്യോഗസ്ഥന്‍ ഡി.ജി.പിയെ തെറ്റിദ്ധരിപ്പിച്ചിരുന്നു.
അപകട സ്ഥലത്ത് നിന്ന് ശ്രീറാമിനെയും ഒപ്പമുണ്ടായിരുന്ന യുവതിയെയും പെട്ടെന്ന് സ്റ്റേഷനിലെത്തിക്കാനും മാധ്യമപ്രവര്‍ത്തകരും മറ്റും സംഭവസ്ഥലത്ത് എത്തുന്നതിന് മുന്‍പ് ടാക്‌സി വിളിച്ച് യുവതിയെ വീട്ടിലേക്ക് അയക്കാന്‍ മ്യൂസിയം പോലീസ് തയ്യാറായതും ഈ ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരമാണെന്നാണ് സൂചന. ജനറല്‍ ആശുപത്രിയില്‍ ശ്രീറാമിനെ വൈദ്യപരിശോധനയ്ക്ക് അയച്ചപ്പോള്‍ കേസ് ഷീറ്റില്‍ ക്രൈം നമ്പര്‍ രേഖപ്പെടുത്താതിരുന്നതിനും മദ്യത്തിന്റെ ഗന്ധമുള്ളതായി ഡോക്ടര്‍ രേഖപ്പെടുത്തിയിട്ടും രക്ത സാമ്പിള്‍ ശേഖരിക്കാന്‍ ആവശ്യപ്പെടാതിരുന്നതിന് പിന്നിലും ഇദ്ദേഹത്തിന്റെ കാര്യങ്ങള്‍ പ്രവര്‍ത്തിച്ചതായാണ് വിവരം.