തിരുവനന്തപുരം:പ്രതീക്ഷിച്ചതുപോലെ തന്നെ ഒടുവില്‍ സംഭവിച്ചു.മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ചുകൊന്ന കേസിലെ പ്രതിയും ഐഎഎസ് ഓഫീസറും സര്‍വ്വേ വകുപ്പ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനഫലത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് സൂചന. കെമിക്കല്‍ പരിശോധനാ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇങ്ങനെയൊരു ഫലമുള്ളത്.
രക്തപരിശോധനയുടെ റിപ്പോര്‍ട്ട് നാളെ കൈമാറിയേക്കും. ബഷീറിന്റെ മരണത്തിലേക്ക് നയിച്ച അപകടം കഴിഞ്ഞ് 9 മണിക്കൂറിന് ശേഷമാണ് ശ്രീറാമിന്റെ രക്തപരിശോധന നടത്തിയത്. സമയം വൈകും തോറും ശരീരത്തിലെ മദ്യത്തിന്റെ സാന്നിധ്യം കുറയുമെന്ന് നേരത്തെ വിദഗദ്ധര്‍ മുന്നറിയിപ്പ് നല്‍കിയത് ശരിവെയ്ക്കുന്ന തരത്തിലാണ് പരിശോധനാഫലം.
അപകടം കഴിഞ്ഞ് അധികം വൈകാതെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ ശ്രീറാമിന് മദ്യത്തിന്റെ സാന്നിധ്യം രക്തത്തില്‍ നിന്നും ഇല്ലാതാക്കാനുള്ള മരുന്ന് നല്‍കിയിരുന്നോ എന്ന സംശയവും ശക്തമായിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാന്‍ സാധിക്കാത്ത പക്ഷം സ്റ്റേഷന്‍ ജാമ്യം കിട്ടുന്ന മനപൂര്‍വ്വമല്ലാത്ത നരഹത്യ മാത്രമായിരിക്കും ശ്രീറാമിന്റെ പേരില്‍ നിലനില്‍ക്കുന്ന കുറ്റം.
റിമാന്‍ഡിലായിരുന്നിട്ടും കിംസ് ആശുപത്രിയിലെ പഞ്ചനക്ഷത്രറൂമില്‍ തുടരുകയായിരുന്ന ശ്രീറാമിനെ ഇന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പൊലീസ് സെല്ലിലേക്ക് മാറ്റി.ശ്രീറാമിന്റെ ചികിത്സാ രേഖകള്‍ പരിശോധിച്ച മജിസ്‌ട്രേറ്റ്,കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ ഇയാളെ ജയിലിലേക്ക് അയയ്ക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ജയില്‍ പരിസരത്തെത്തിച്ച ഇയാള പോലീസ് പിന്നീട് മെഡിക്കല്‍ കോളേജിലെ ജയില്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു.