കൊല്ലം: കൊല്ലത്ത് കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ ഭക്ഷണപ്പൊതിയില്‍ മദ്യവും പാന്മസാലയും എത്തിച്ചു നല്കാന് ശ്രമം. ചോദ്യം ചെയ്ത ആരോഗ്യ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലാണ് സംഭവം. ഇവിടെയുള്ള രോഗികളില്‍ ചിലര്‍ക്ക് പുറത്തുനിന്നുള്ള ആഹാരത്തിനൊപ്പം മദ്യം ലഭിക്കുന്നതായും പരാതിയുണ്ടായിരുന്നു.
ഇന്നലെ ഭക്ഷണത്തോടൊപ്പം ഇവര്‍ക്ക് മദ്യമെത്തിക്കാന്‍ ശ്രമം നടന്നു. ഇത് സെന്ററിലെ ജീവനക്കാര്‍ ചോദ്യം ചെയ്തതോടെ ഏഴ് രോഗികള്‍ കെട്ടിടത്തിന് പുറത്തിറങ്ങി അസഭ്യവര്‍ഷം നടത്തി. ഭക്ഷണം നല്‍കുന്നതിന് അകത്തേക്ക് പോയ ജീവനക്കാരെ തടഞ്ഞുവച്ചു. ജീവനക്കാര്‍ കരഞ്ഞുകൊണ്ട് ഫോണ്‍ സന്ദേശം മുഖേന ആരോഗ്യ വകുപ്പ് അധികൃതരെയും കളക്ടറെയും അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് നല്‍കിയാണ് പ്രശ്നം പരിഹരിച്ചത്.
രോഗികള്‍ കയറുന്നിടത്ത് അടച്ചുറപ്പുള്ള വാതിലില്‍ ഇല്ല. ഇതുവഴിയാണ് രോഗികള്‍ പുറത്തേക്ക് വന്നത്. പുറമെ നിന്നും ഇവര്‍ക്ക് ഭക്ഷണം നല്‍കിവന്നിരുന്നതാണ്. ജീവനക്കാര്‍ പരിശോധിച്ച ശേഷമാണ് ഭക്ഷണം രോഗികള്‍ക്ക് നല്കിവന്നത്. ഇന്നലെ പരിശോധിച്ച ഭക്ഷണ പൊതിയില്‍ ഒരു ഏത്തയ്ക്കയും മദ്യ കുപ്പിയും പാന്‍മസാല പായ്ക്കറ്റുകളും ഉണ്ടായിരുന്നു. ഇത് രോഗിയ്ക്ക് കൊടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോഴാണ് രോഗികള്‍ പ്രതിഷേധവുമായി എത്തിയത്. നഴ്സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും കൊവിഡ് പകര്‍ത്തുമെന്നും ഭീഷണിപ്പെടുത്തി.
കുമ്മല്ലൂര്‍ പ്രാഥമിക ചികിത്സാ കേന്ദ്രത്തിലുണ്ടായ സംഭവത്തെപ്പറ്റി ഗൗരവമായി അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍ ബി.അബ്ദുള്‍ നാസര്‍ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടിയെടുക്കും. മദ്യവും പാന്മസാലും ഇവിടെ എത്തിച്ച് നല്‍കിയവര്‍ക്കെതിരെയും കേസെടുക്കും. പുറമെ നിന്നു ഇനി ആര്‍ക്കും ഭക്ഷണം അനുവദിക്കില്ല. എല്ലാ കൊവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ക്കും കോമണ്‍ മെനു അനുസരിച്ച് ഭക്ഷണം തയ്യാറാക്കി നല്‍കും. എല്ലാതരം ത്യാഗവും സഹിച്ച് ജോലിചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനൊപ്പം അവര്‍ക്കെതിരെ ഉണ്ടാകുന്ന എല്ലാ അതിക്രമങ്ങള്‍ക്കുമെതിരെ ശക്തമായ നടപടി എടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.