തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി സിപിഐഎം. വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തരുതെന്നും ദുരൂഹ വ്യക്തിത്വങ്ങളെ ഓഫീസില്‍ കയറ്റരുതെന്നും നിര്‍ദേശമുണ്ട്. വ്യക്തി സൗഹൃദങ്ങളില്‍ ജാഗ്രത വേണമെന്നും നിര്‍ദേശമുണ്ട്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുന്നതിനിടെയാണ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം പാര്‍ട്ടി വിളിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് യോഗം വിളിച്ചത്.
ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ല. തെരഞ്ഞെടുപ്പ് അടുക്കാന്‍ പോവുകയാണ്. ഈ ഘട്ടത്തില്‍ പല തരത്തിലുള്ള വിവാദങ്ങള്‍ ഉണ്ടാക്കാന്‍ പലരും ശ്രമിക്കും. അതിലൊന്നും പെടാതെ ജാഗ്രതയോടെ മുന്നോട്ടുപോകണം. വ്യക്തി സൗഹൃദങ്ങളിലും ജാഗ്രത വേണമെന്നും നിര്‍ദേശമുണ്ട്. വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തരുത്. ആരോപണങ്ങള്‍ക്ക് വഴിയൊരുക്കരുത്.
തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കൂടിയാലോചനകള്‍ അനിവാര്യമാണെന്നും നിര്‍ദേശമുണ്ട്. പ്രൈവറ്റ് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുമാരുടെ യോഗം വിളിച്ചുചേര്‍ക്കാനും തീരുമാനമായിട്ടുണ്ട്.