Home-bannerKeralaNewsRECENT POSTS

സി.പി.ഐ നേതാക്കൾക്കെതിരായ പോലീസ് നടപടി കളക്ടർ അന്വേഷണമാരംഭിച്ചു

കൊച്ചി: സിപിഐ കൊച്ചിയിൽ നടത്തിയ ഐജി ഓഫീസ് മാർച്ചിലെ സംഘർഷത്തിൽ ജില്ലാ കളക്ടർ അന്വേഷണം തുടങ്ങി. മർദ്ദനമേറ്റ മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം അടക്കമുള്ളവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.

ഞാറയ്ക്കൽ സിഐയെ സസ്പെന്‍റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ നടത്തിയ മാർച്ചിൽ ഉണ്ടായ പൊലീസ് അതിക്രമത്തെ കുറിച്ചാണ് ജില്ലാ കളക്ടർ എസ് സുഹാസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ ദിവസം സംഘർഷത്തിൽ പരിക്കേറ്റ മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം, സിപിഐ ജില്ലാ സെക്രട്ടറി പി രാജു അടക്കമുള്ളവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.

എംഎൽഎ അടക്കം ഏഴ് പേർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. എറണാകുളം എസിപി കെ ലാൽജിയടക്കം മൂന്ന് പൊലീസുകാർക്കും പരിക്കേറ്റിരുന്നു. പ്രാഥമിക അന്വേഷണം പൂർത്തിയാക്കി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് കളക്ടർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സിപിഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു.

സിപിഎം നേതാവ് പി രാജീവ് അടക്കമുള്ളവർ പരിക്കേറ്റ് ചികിത്സയിലുള്ള എംഎൽഎ ഉൾപ്പടെയുളളവരെ സന്ദർശിച്ചു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയില്ലാതെ പിന്നോട്ടില്ലെന്നാണ് സിപിഐ നിലപാട്. കളക്ടർ സമർപ്പിക്കുന്ന റിപ്പോർട്ടിൽ നടപടിയുണ്ടായില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് ജില്ലാ നേതൃ-ത്ത്വത്തിന്‍റെ തീരുമാനം. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് എഐഎസ്എഫ് ജില്ലയിൽ പ്രതിഷേധ ദിനം ആചരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button