KeralaNews

എഴുതിവെച്ചോ മാങ്കുളം ടൗണില്‍ കൊണ്ടു പോയി കെട്ടിയിട്ട് തല്ലും…സ്ഥലം മാറ്റാത്തത് കെട്ടിയിട്ട് തല്ലാന്‍ വേണ്ടിയാണ്… ഇടുക്കിയില്‍ വനംവകുപ്പുദ്യോഗസ്ഥന് സി.പി.ഐ നേതാവിന്റെ ഭീഷണി

ഇടുക്കി: മാങ്കുളത്ത് സംയുക്ത പരിശോധനയ്ക്ക് എത്തിയ റവന്യു-വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി പി ഐ നേതാവിന്റെ ഭീഷണി. മാങ്കുളം റേഞ്ച് ഓഫിസറെ കെട്ടിയിട്ട് തല്ലുമെന്ന് സി പി ഐ ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ ജോസ് ഭീഷണി മുഴക്കിയത്.

ഭീഷണി സംബന്ധിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കി.മുമ്പ് ആനക്കുളം റേഞ്ച് ഓഫിസറെ ഭീഷണിപ്പെടുത്തിയതിനും ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസുണ്ട്. മാങ്കുളം ടൌണില്‍ കൊണ്ടു പോയി കെട്ടിയിട്ട് തല്ലും. സ്ഥലം മാറ്റാത്തത് കെട്ടിയിട്ട് തല്ലാന്‍ വേണ്ടിയാണ്. തല്ലുമെന്നത് തങ്ങളുടെ തീരുമാനമാണെന്നുമാണ് ഭീഷണി

മാങ്കുളം അമ്പതാംമൈലില്‍ വനംവകുപ്പ് നിര്‍മിച്ച ട്രെഞ്ചിനെചൊല്ലിയുള്ള തര്‍ക്കമാണ് വനപാലകരെ ഭീഷണപ്പെടുത്തുന്നതിലേക്ക് എത്തിച്ചത്. മണ്ണിടിച്ചിലിന് കാരണമായേക്കാവുന്ന കിടങ്ങ് ഇടിച്ച് നിരത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ജില്ലകളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് തഹസീല്‍ദാര്‍, ഡിഎഫ്ഒ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംയുക്ത പരിശോധനയ്ക്ക് എത്തിയത്. ഈ പരിശോധനയ്ക്ക് ഒടുവിലായിരുന്നു വനപാലകര്‍ക്ക് എതിരെയുള്ള സിപിഐ ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ ജോസിന്റെ ഭീഷണി.

കാട്ടാനകളെ തടയാനെന്ന പേരില്‍ വനംവകുപ്പ് ഓഫീസ് സംരക്ഷിക്കാനാണ് ട്രഞ്ച് നിര്‍മിച്ചതെന്നും നാട്ടുകാര്‍ക്ക് ഇതുകൊണ്ട് പ്രയോജനമില്ലെന്നുമാണ് സിപിഐയുടെ ആരോപണം. ഇത് ചോദ്യം ചെയ്തപ്പോള്‍ വനംവകുപ്പ് ജീവനക്കാര്‍ മോശമായി സംസാരിച്ചെന്നും ഇതേത്തുടര്‍ന്നുള്ള രോഷപ്രകടനമാണുണ്ടായതെന്നും പ്രവീണ്‍ വിശദീകരിച്ചു. വനപാലകരുടെ പരാതിയില്‍ അന്വേഷണം നടത്തി നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button