തിരുവനന്തപുരം: തിരുവനന്തപുരത്ത് സംഭവിച്ചതുപോലെ കേരളത്തിലെ മറ്റു വലിയ നഗരങ്ങളിലും കൊവിഡ് സൂപ്പര്‍ സ്പ്രെഡിന് സാധ്യതയെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) മുന്നറിയിപ്പ്. ക്ലസ്റ്ററുകളാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടിക്കണ്ട് രോഗബാധിതരെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കണം. ഒരാളില്‍ നിന്ന് രണ്ടോ മൂന്നോ പേരിലേക്ക് രോഗം വ്യാപിക്കുന്ന അവസ്ഥയില്‍ നിന്ന് എട്ടോ പത്തോ പേരിലേക്ക് അതിവേഗത്തില്‍ വ്യാപിക്കുന്നതാണ് സൂപ്പര്‍ സ്പ്രെഡ്.
ഒപ്പം തീവ്രരോഗവ്യാപനമുള്ള ക്ലസ്റ്ററുകളും ഉണ്ടാകും. അതാണ് തലസ്ഥാന നഗരിയില്‍ കാണുന്നതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസും സെക്രട്ടറി ഡോ. പി ഗോപകുമാറും വ്യക്തമാക്കി. ആളുകള്‍ കൂട്ടംകൂടുന്ന സാഹചര്യം, ചെറിയ മുറികളില്‍ കൂടുതല്‍ പേര്‍ തിങ്ങിത്താമസിക്കുന്ന അവസ്ഥ, വായുസഞ്ചാരം കുറഞ്ഞ മുറികള്‍, ശുചിത്വക്കുറവ് ഇവയെല്ലാം രോഗവ്യാപനം രൂക്ഷമാക്കും.
സൂപ്പര്‍ സ്പ്രെഡ് ഉണ്ടായ പൂന്തുറ മേഖലയില്‍ നിന്ന് രോഗികളെ കണ്ടെത്തി എത്രയും പെട്ടെന്ന് മാറ്റിപാര്‍പ്പിക്കണം. ഈ പ്രദേശങ്ങളില്‍ പരിശോധനകളുടെ എണ്ണം കൂട്ടണം. മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റെ മാര്‍ഗരേഖ പ്രകാരം സ്വകാര്യമേഖലയില്‍ കൂടുതല്‍ ടെസ്റ്റ് ചെയ്യാനുള്ള സാധ്യതകളുണ്ടെന്നും അതിനുള്ള നടപടി വേണമെന്നും ഐ.എം.എ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.