കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്കു മാറ്റി. ഇ ഫയലിംഗ് വഴിയാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ താന്‍ നിരപരാധിയാണെന്നും യുഎഇ കോണ്‍സല്‍ ജനറലിന്റെ ചുമതലയുള്ള റാഷിദ് ഖാസിമി അല്‍ ഷിമേലിയുടെ നിര്‍ദേശമനുസരിച്ചാണ് ഡിപ്ലോമാറ്റിക് ബാഗ് വിട്ടുകിട്ടാന്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ചതെന്നും സ്വപ്‌ന ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
മാധ്യമവിചാരണയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അവര്‍ ആരോപിച്ചു. പലതും വ്യാജവാര്‍ത്തകളാണ്. അന്വേഷണ ഉദ്യോഗസ്ഥനോട് ഒന്നും പറയാനില്ല. തന്നില്‍നിന്ന് ഒരുവിവരവും ലഭിക്കാനുമില്ല. ഇതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ല. സുപ്രീംകോടതി വിധികള്‍ക്കു വിരുദ്ധമായി തന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും പ്രചരിപ്പിക്കുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസുമായി തനിക്കു ബന്ധമുണ്ടെന്ന തരത്തില്‍ നടത്തുന്ന പ്രചരണങ്ങള്‍ ശരിയല്ല. ഐടി വകുപ്പിന്റെ സ്പേസ് പാര്‍ക്ക് എന്ന പദ്ധതിക്കുവേണ്ടി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്ന കമ്പനി നിയോഗിച്ച കരാര്‍ ജീവനക്കാരി മാത്രമാണ് താന്‍. കേസില്‍ തനിക്കു പങ്കുണ്ടെന്ന വ്യാജപ്രചാരണത്തെത്തുടര്‍ന്നാണ് കസ്റ്റംസ് പ്രതിയാക്കാന്‍ ഒരുങ്ങുന്നത്. നിയമനടപടികളില്‍നിന്ന് ഒളിച്ചോടില്ല. അറസ്റ്റ് ചെയ്താല്‍ കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണച്ചുമതലയുള്ള കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടാന്‍ തിരുവനന്തപുരം എയര്‍ കാര്‍ഗോ വിഭാഗത്തിലെ അസിസ്റ്റന്റ് കമ്മീഷണറോട് നിര്‍ദേശിക്കണമെന്നും സ്വപ്‌ന ഹര്‍ജിയില്‍ ആവശ്യപ്പടുന്നു.
ഇ-ഫയലിംഗ് മുഖേന ബുധനാഴ്ച രാത്രിയാണ് സ്വപ്‌ന മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. കോണ്‍സല്‍ ജനറലിന്റെ ചുമതല വഹിക്കുന്ന റാഷിദ് ഖാസിമിയെ പ്രതിക്കൂട്ടിലാക്കുന്ന പരാമര്‍ശമാണ് ഹര്‍ജിയില്‍ സ്വപ്‌ന നടത്തിയത്. ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനു വേണ്ടി സീനിയര്‍ അഭിഭാഷകനായ കെ. രാംകുമാര്‍ ഹാജരാകും. അഡ്വ. ടി.കെ. രാജേഷ് കുമാറാണ് ഹര്‍ജിക്കാരിക്കുവേണ്ടി ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.