സൂറത്ത്: ഗുജറാത്തിൽ ബിജെപി നേതാവും വനിതാ വിഭാഗ പ്രസിഡന്റുമായ യുവതിയെ സ്വന്തം വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സൂറത്തിലെ ആൽത്താൻ വാർഡ് വനിതാ വിഭാഗം പ്രസിഡന്റായ ദീപിക പട്ടേലിനെയാണ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മരണത്തിന് മുൻപ് ദീപിക ബിജെപി നേതാവുമായി 10-15 തവണ സംസാരിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്.
ആൽത്താനിലെ ഭീംറാഡ് സ്വദേശിനിയായ 34കാരിയായ ദീപിക മൂന്ന് കുട്ടികളുടെ അമ്മയാണ്. ഇവരെ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെക്കിയത്. ഭർത്താവ് വയലിൽ ജോലി ചെയ്യുകയും കുട്ടികളിൽ തീഴെ നിലയിലെ ഹാളിൽ കളിക്കുകയും ചെയ്യുന്ന സമയത്താണ് ആത്മഹത്യയെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ദീപികയുടെ സുഹൃത്തും ബിജെപി നേതാവുമായ ചിരാഗ് സോളങ്കിയുമായാണ് ഇവർ ഒടുവിൽ സംസാരിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ദീപികയുടെ വീട്ടിലെത്തിയ ചിരാഗ് സോളങ്കി ദീപികയുടെ മുറിയുടെ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ഇവരെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇതോടെ ദീപികയുടെ മക്കൾ പിതാവിനേയും ചിരാഗ് സോളങ്കി ഡോക്ടറേയും വിളിച്ചു.
ആൽത്താനിലെ പൊലീസിന്റെ സഹായത്തോടെയാണ് ചിരാഗ് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് ഉടൻ തന്നെ വീട്ടിലെത്തി പരിശോധിച്ചെങ്കിലും ആത്മഹത്യാ കുറിപ്പ് കണ്ടെത്താനായിരുന്നില്ല.
ദീപികയുടെ രണ്ട് ഫോണുകൾ പൊലീസ് കണ്ടെത്തിയെങ്കിലും ഇതിൽ നിന്നുള്ള ചിത്രങ്ങളും ചില മെസേജുകളും ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇതോടെ ഫോൺ ഫൊറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. അസ്വഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ യുവതി തൂങ്ങിമരിച്ചതായി വ്യക്തമായെന്നാണ് ഡെപ്യൂട്ടി കമ്മീഷണർ വിജയ്സിംഗ് ഗുർജാർ വിശദമാക്കുന്നത്. ഭർത്താവും മക്കളുമായും നല്ല ബന്ധം പുലർത്തിയിരുന്ന ദീപിക സാമ്പത്തികമായും മികച്ച അവസ്ഥയിലുള്ള വ്യക്തിയായിരുന്നുവെന്നും ജീവനൊടുക്കിയതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പൊലീസ് വിശദമാക്കി.
ചിരാഗ് സോളങ്കിയുമായി ദീപിക നിരന്തര സംസാരിച്ചിരുന്നതായി ഫോൺ റെക്കോർഡിൽ നിന്ന് വ്യക്തമായതായും. ദിവസവും 20 മുതൽ 25 തവണ വരെ ഇവർ പരസ്പരം വിളിച്ചിരുന്നതായും പൊലീസ് വിശദമാക്കി. അഞ്ച് വർഷം മുൻപാണ് ദീപിക ബിജെപിയിൽ ചേർന്നത്.