തിരുവനന്തപുരം: മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്. പ്രാഥമിക അന്വേഷണം നടത്തിയ നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണറാണ് റിപ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നല്‍കിയത്. ഇതുവരെയുണ്ടായ സുപ്രീംകോടതി വിധികള്‍ ചൂണ്ടികാട്ടിയാണ് റിപ്പോര്‍ട്ട്. കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി നല്‍കിയ പരാതിയിലായിരുന്നു പ്രാഥമിക അന്വേഷണം.
വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേര്‍ത്ത വ്യക്തികള്‍ പരാതി നല്‍കിയാല്‍ മാത്രമേ ഈ കേസ് നിലനില്‍ക്കൂവെന്നും ഇതിന് പുറത്തുള്ള മറ്റൊരാള്‍ പരാതി നല്‍കിയാല്‍ കേസെടുക്കുന്നതില്‍ നിയമപരമായി തടസ്സമുണ്ടെന്നും കേസ് നിലനില്‍ക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൂപ്പുകളില്‍ ഏതെങ്കിലും പരാമര്‍ശം അടങ്ങിയ സന്ദേശങ്ങള്‍ ഇല്ലാത്തതും തിരിച്ചടിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വിശദീകരണം. എന്നാല്‍ കെ ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഫോറന്‍സിക് പരിശോധനയില്‍ ഹാക്കിംഗ് നടന്നതായുള്ള തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
കെ ഗോപാലകൃഷ്ണന്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്താണ് പരിശോധനയ്ക്കായി നല്‍കിയതെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. മറ്റൊരു ഐ പി അഡ്രസ് ഫോണില്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് മെറ്റ അന്വേഷണ സംഘത്തിന് മറുപടി നല്‍കിയിട്ടുള്ളത്. അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലന്നും മെറ്റ അറിയിച്ചിരുന്നു.