ധാക്ക: ബംഗ്ലാദേശിൽ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റിലായ ഹിന്ദു സന്യാസി ചിൻമോയ് കൃഷ്ണ ദാസിന്റെ അഭിഭാഷകൻ ക്രൂരമായി ആക്രമിക്കപ്പെട്ടതായി റിപ്പോർട്ട്. ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് (ഇസ്‌കോൺ) കൊൽക്കത്ത വക്താവ് രാധാരാമൻ ദാസ് ആണ് തന്റെ സമൂഹ മാദ്ധ്യമത്തിലൂടെ ഇത് അറിയിച്ചത് .
ഡിസംബർ മൂന്നിന് ബംഗ്ലാദേശിലെ കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് സംഭവം. ക്രൂരമായി ആക്രമിക്കപ്പെട്ട ചിന്മയ് ദാസിന്റെ അഭിഭാഷകൻ രമൺ റായ് നിലവിൽ ഐ സി യു വിലാണ്. ഗുരുതരാവസ്ഥയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ജീവന് വേണ്ടി പ്രാർത്ഥിക്കണമെന്നും രാധാരാമൻ ദാസ് ആവശ്യപ്പെട്ടിട്ടുണ്ട്.
എക്‌സിൽ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റിലാണ് , ഇസ്‌കോൺ വക്താവ് രാധാരാമൻ ദാസ് ആക്രമണത്തെക്കുറിച്ചുള്ള സങ്കടകരമായ വിശദാംശങ്ങൾ പങ്കിട്ടത്. “അഭിഭാഷകനായ രാമൻ റോയിക്ക് വേണ്ടി പ്രാർത്ഥിക്കൂ. കോടതിയിൽ ചിൻമോയ് കൃഷ്ണ പ്രഭുവിനു വേണ്ടി വാദിച്ചു എന്നതാണ് അദ്ദേഹത്തിൻ്റെ ഒരേയൊരു ‘കുറ്റം’. ഇസ്ലാമിസ്റ്റുകൾ അദ്ദേഹത്തിൻ്റെ വീട് കൊള്ളയടിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തു.ഇപ്പോൾ അദ്ദേഹം ഐസിയുവിൽ ജീവനുവേണ്ടി പോരാടുകയാണ്. ” രാധാരാമൻ ദാസ് പറഞ്ഞു.
ബംഗ്ലാദേശിലെ ഇസ്‌കോൺ മുൻ നേതാവ് ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ രംഗ്‌പൂരിലെ ഹിന്ദു സമൂഹത്തിൻ്റെ പ്രതിഷേധത്തിന് നേതൃത്വം നൽകിയതിന് കഴിഞ്ഞ മാസം ധാക്കയിൽ അറസ്റ്റ് ചെയ്തിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ശക്തമായ നിയമപരിരക്ഷ നൽകണമെന്ന ആവശ്യങ്ങളാണ് പ്രതിഷേധത്തിന് കാരണമായത്. തുടർന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട അദ്ദേഹത്തിന് ചൊവ്വാഴ്ച ധാക്ക കോടതി ജാമ്യം നിഷേധിച്ചിരിന്നു.